'അര്‍ജന്റീനയ്‌ക്കൊപ്പം 2018ലെ ലോകകപ്പ് സ്വന്തമാക്കുക.കരിയറിലെ എന്റെ ആദ്യ ലോകകപ്പ്. കുടുംബം കഴിഞ്ഞാല്‍ എനിക്ക് ഏറ്റവുമധികം സന്തോഷം നല്‍കുക ഇതായിരിക്കും.അതിനുള്ള ചവിട്ടു പടിയായാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനെ ഞാന്‍ കാണുന്നത്. 23 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഞങ്ങള്‍ക്കൊരു സീനിയര്‍ കിരീടം ഉയര്‍ത്താന്‍ കഴിവുണ്ടെന്ന് ലോകത്തെ കാണിക്കാനുള്ള അവസരം'- ജൂണ്‍ ആദ്യമിറങ്ങിയ 'ടൈം ' മാസികയില്‍ ലോക ഫുട്‌ബോളര്‍ മെസ്സി ഗ്രാന്റ് വോളെന്ന ലേഖകനു മുന്നില്‍ മനസ്സു തുറക്കുകയാണ്.

ലേഖനത്തിന്റെ അവസാനമാണ് രാജ്യത്തിനൊപ്പം ലോകകപ്പുയര്‍ത്തുകയെന്ന ആഗ്രഹം തന്നെ എത്രത്തോളും മുന്നോട്ടു നയിക്കുന്നുണ്ടെന്ന അദ്ദേഹം വെളിപ്പെടുത്തുന്നത്. 2014ല്‍ ബ്രസീലില്‍ വീണുടഞ്ഞ  സ്വപ്‌നം രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം റഷ്യയില്‍ പൂര്‍ത്തീകരിക്കാനാകുമെന്ന ശുഭാപ്തി വിശ്വാസം പങ്കുവച്ചാണ് മെസ്സി സംഭാഷണം അവസാനിപ്പിക്കുന്നത്.

messi

നന്നായി കളിക്കുന്ന എല്ലാ ഫുട്‌ബോള്‍ ടീമിനെയും ഇഷ്ടമാണെങ്കിലും ചില ടീമുകളോട് അല്‍പ്പം ഇഷ്ടം കൂടുതല്‍ തോന്നും. അത്തരത്തിലൊരു ടീമാണ് അര്‍ജന്റീന .ടൈമിലെ 'ലയണല്‍ മെസ്സി ഇന്‍ ഹിസ് ഓണ്‍ വേഡ്‌സ് 'എന്ന ലേഖനം വായിച്ചു മാസിക മടക്കിയപ്പോള്‍ ആത്മാര്‍ത്ഥമായി  ആഗ്രഹിച്ചു -മെസ്സിയും അര്‍ജന്റീനയും ഇക്കുറി കോപ്പയുയര്‍ത്തണമേ...മനസ്സിനെ അത്ര പിടിച്ചിരുത്തുന്ന രീതിയിലാണ് മെസ്സി, വോളിനു മുന്നില്‍ തന്റെ  ഇതുവരെയുളള ജീവിതവും ഇനിയുള്ള സ്വപ്‌നങ്ങളും  തുറന്നു കാട്ടുന്നത്.

അര്‍ജന്റീനയിലെ രണ്ടാമത്തെ വലിയ പട്ടണമായ റൊസാരിയോയില്‍ ആരെയും പേടിക്കാതെ പന്തു തട്ടി നടന്ന ബാല്യം. പന്തിനെ കെട്ടിപ്പിടിച്ച് ഉറങ്ങിപ്പോയ രാത്രികള്‍ . പ്രതിഭ മനസ്സിലായതോടെ പതിമൂന്നാം വയസ്സില്‍ ബാഴസലോണയുടെ ലാ മെസിയ അക്കാദമിയിലേക്ക് സെലക്ഷന്‍. രണ്ടായിരമാണ്ടില്‍ കുടുംബത്തോടൊപ്പം അര്‍ജന്റീനയില്‍ നിന്നും സ്‌പെയിനിലേക്കുള്ള കൂടുമാറ്റം. കുടുംബത്തിന്റെ മുഴുവന്‍ ഭാവി പതിമൂന്നു വയസ്സുകാരനായ ഒരു ബാലനെ കേന്ദ്രീകരിച്ചിരിക്കുന്ന അവസ്ഥ.

messi

എല്ലാ തുടക്കക്കാരെയും പോലെ നമ്മുടെ അത്ഭുത ബാലനുമുണ്ടായി പതര്‍ച്ചകള്‍ . സ്‌പെയിനിലെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സഹോദരി മരിയക്ക് സാധിക്കുന്നില്ല. കുടുംബം കൂട്ടായി തീരുമാനമെടുത്തു. മരിയയും  സഹോദരങ്ങളും അമ്മയ്‌ക്കൊപ്പം  തിരികെ അര്‍ജന്റീനയിലേക്കു മടങ്ങുന്നു.ബാഴ്‌സലോണയില്‍ മെസ്സിക്ക് വളരാനുള്ള സാഹചര്യങ്ങളുണ്ട്. അവിടെ തുടരാനായിരുന്നു പതിമൂന്നുകാരന്റെ ഉറച്ച തീരുമാനം.മെസ്സിയുടെ വിധി നിര്‍ണയിച്ച തീരുമാനം . അച്ഛന്‍ ജോര്‍ജെ മകനു കൂട്ടായി ബാഴ്‌സയില്‍ തങ്ങി.എല്ലാം പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ട സാഹചര്യം.

ഫുട്‌ബോള്‍ ലോകത്ത് മുന്നേറുകയെന്ന ഉറച്ച തീരുമാനമെടുത്ത പയ്യന്‍ പിടിച്ചു നില്‍ക്കുക തന്നെ ചെയ്തു.ബാഴ്‌സയിലെ അനുകൂല സാഹചര്യങ്ങള്‍ക്കൊപ്പം സ്വന്തം പ്രതിഭകൂടിയായപ്പോള്‍ മൂന്നു വര്‍ഷംകൊണ്ട് ബാഴ്‌സലോണയുടെ ഫസ്റ്റ് ടീമില്‍ പയ്യന്‍ സ്ഥാനം പിടിച്ചു.വെറും പതിനാറാം വയസ്സില്‍ .2003-04 സീസണില്‍ ബാഴ്‌സലോണയുടെ സീനിയര്‍ ടീമുള്‍്‌പ്പെടെ അഞ്ച് ടീമുകള്‍ക്കുവേണ്ടിയാണ് ലിയോ അരങ്ങേറിയത്.

messi

ഇതില്‍ സീനിയര്‍ ടീമിനൊപ്പമുള്ള ആദ്യ മത്സരമാണ് ഇപ്പോഴും മനസ്സില്‍ മായാതെ നില്‍ക്കുന്നതെന്ന് മെസ്സി  പറയുന്നു.ഹോസെ മൗറിന്യോ പരിശീലപ്പിച്ചിരുന്ന എഫ്.സി .പോര്‍ട്ടോയുമായിട്ടായിരുന്നു സൗഹൃദപ്പോരാട്ടം. സീനിയര്‍ തലത്തില്‍ അരങ്ങേറിയതിനുശേഷം സംഭവിച്ചതെല്ലാം ചരിത്രം.2005ല്‍ അര്‍ജന്റീനയ്‌ക്കൊപ്പം ലോക യൂത്ത് കിരീടം .2008ലെ ഒളിമ്പിക്‌സ് കിരീടം .ബാഴ്‌സലോണയ്‌ക്കൊപ്പം നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ,എട്ട് സ്പാനിഷ് ലീഗ് കിരീടങ്ങള്‍ ,നാല് കോപ്പ് ഡെല്‍ റേ (കിങ്‌സ് കപ്പ് )കിരീടങ്ങള്‍,മൂന്ന് ലോകകപ്പ് കിരീടങ്ങള്‍ .

വ്യക്തി ഗത നേട്ടത്തിലും ഫുട്‌ബോള്‍ ലോകത്ത് മുന്‍പന്തിയില്‍ തന്നെയെത്തി.2009ല്‍ കരിയറിലാദ്യമായി ലോക ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു.ഇക്കൊല്ലം ജാനവരിയില്‍ നേടിയത് അഞ്ചാം ലോക ഫുട്‌ബോളര്‍ പദവി.ഇതിന്റെയെല്ലാ സന്തോഷങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.ഇതിനൊപ്പം ഫുട്‌ബോളര്‍ എന്ന നിലയില്‍ ഓരോ തവണയും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിന്റെ സന്തോഷവും മെസ്സി പങ്കുവയ്ക്കുന്നു.

messi

 ജീവിതത്തില്‍ എല്ലാം ന്നത് ബാഴലോണയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.മെസ്സിയെ മെസ്സിയാക്കിയ ക്ലബ്ബ്. റൊസാരിയോക്കാരിയായ ഭാര്യ അന്റൊണെല്ലോ റൊക്കുസോയ്ക്ക്ും മക്കള്‍ മൂന്നു വയസ്സുകാരന്‍ തിയാഗോയ്ക്കും എട്ടുമാസക്കാരന്‍ മാറ്റിയോയ്ക്കുമൊപ്പം കഴിയുമ്പോള്‍ നാട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് അനുഭപ്പെടുന്നില്ല. മകനെ സ്‌കൂളില്‍ കൊണ്ടു വിടുകയും തിരികെക്കൂട്ടുകയും ചെയ്യുന്ന,കുടുംബത്തിനൊപ്പം പാര്‍ക്കില്‍ സമയം ചിലവഴിക്കുന്ന സാധാരണ കുടുംബനാഥന്‍ തന്നെയാണ് മെസ്സി.ഇഷ്ടപ്പെട്ട അര്‍ജന്റീനാ വിഭവങ്ങള്‍ ആസ്വദിച്ച് സന്തുഷ്ടമായി നയിക്കുന്ന കുടുംബജീവിതം.അതിന്റെ സന്തോഷം പങ്കുവച്ചതിനു ശേഷമാണ് ലേഖനത്തിന്റെ തുടക്കത്തില്‍ പറയുന്ന ലോകകപ്പെന്ന സ്വപ്‌നത്തെക്കുറിച്ച് മെസ്സി മനസ്സുതുറക്കുന്നത്.

messi

ജൂണ്‍ 26 ന് ഈ കുറിപ്പെഴുതുമ്പോള്‍  കോപ്പ ഫൈനലില്‍ തോറ്റ് കാല്‍ക്കീഴിലെ പന്തും മണ്ണും നഷ്ടപ്പെട്ട് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ മെസ്സിയാണ് മുന്നിലുള്ളത്.  കപ്പിനും ചുണ്ടിനുമിടയില്‍ ഒരിക്കല്‍ക്കൂടി കിരീടം നഷ്ടമായവന്റെ വേദനയില്‍ നിന്ന് പൊടുന്നനെയുണ്ടായ വൈകാരികമായ തീരുമാനമായിരിക്കണേ ഇതെന്ന പ്രാര്‍ത്ഥനയാണ് ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവര്‍ക്കുള്ളത്. മെസ്സിക്കും പകരം മെസ്സി മാത്രമല്ലേയുള്ളു.