messi

ഇനി അര്‍ജന്റീനയുടെ വരയന്‍ കുപ്പായം ധരിക്കില്ലെന്ന ലയണല്‍ മെസ്സിയുടെ പ്രഖ്യാപനം ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ ഭൂകമ്പമാപിനിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിന്റെ പ്രഭവകേന്ദ്രം അമേരിക്കയാണെങ്കിലും അര്‍ജന്റീനയില്‍ മാത്രമല്ല, അത് എല്ലായിടത്തും ചലനമുണ്ടാക്കും. 2018ല്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് അര്‍ജന്റീന യോഗ്യതനേടുമെന്ന് വിചാരിക്കുക. മെസ്സി ടീമില്‍ ഇല്ലെങ്കില്‍ ആ ടുര്‍ണമെന്റിന് മങ്ങലേല്‍ക്കും. മോസ്‌കോ ഒളിമ്പിക്‌സ് അമേരിക്കന്‍ ചേരിയും ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സ് സോവിയറ്റ് ചേരിയും ബഹിഷ്‌കരിച്ചതുപോലുള്ള സംഭവമായിരിക്കും അതും.

തങ്ങളുടെ ടീം ലോകകപ്പിന് യോഗ്യത നേടാത്തതിനാല്‍ ലോകത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ആഘോഷത്തില്‍ പങ്കെടുക്കാനാവാതെപോയ കളിക്കാരുണ്ട്. വടക്കന്‍ അയര്‍ലന്‍ഡുകാരനായ ജോര്‍ജ് ബെസ്റ്റ്, ലൈബീരിയയുടെ ജോര്‍ജ് വിയ എന്നിവര്‍ ചില ഉദാഹരണങ്ങള്‍ മാത്രം. പരിക്കേറ്റ് കളിക്കാന്‍ വയ്യാതെ പോയവരുമുണ്ടാകും.

യൂറോകപ്പിലെ താരങ്ങളിലൊരാളായ വെയ്ല്‍സിന്റെ ഗാരത് ബെയ്ല്‍ ലോകകപ്പിനുണ്ടാകുമോ എന്ന് ഉറപ്പില്ല. അതൊക്കെ മനസ്സിലാക്കാം. എന്നാല്‍, തന്റെ ടീമിന് സാധ്യതയുണ്ടെന്നിരിക്കെ, കളിയുടെ ഉയര്‍ന്ന ആകാശത്തില്‍ സ്വച്ഛമായി പറന്നുകൊണ്ടിരിക്കെ, ഒരു കളിക്കാരന്‍ ചിറകുമടക്കുന്നത് തീര്‍ത്തും വ്യത്യസ്തമാണ്, സങ്കടകരവും.

fans

ലോകകപ്പെന്നത് ഫുട്‌ബോള്‍ മാത്രമല്ലല്ലോ. അതില്‍ രാഷ്ട്രീയവും വാണിജ്യവും എല്ലാമുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോയില്ലെങ്കില്‍ 1966ലെ ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരെ ഇംഗ്ലണ്ട് നേടിയ വിവാദഗോള്‍ മറന്നേക്കാമെന്ന് ജര്‍മന്‍ പത്രമായ 'ബില്‍ഡ്' പകുതി കളിയായിട്ടാണെങ്കിലും ബ്രിട്ടന് വാഗ്ദാനം നല്‍കിയതിന്റെ പശ്ചാത്തലം ഇതാണ്.

അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന റഷ്യ ഇപ്പോള്‍ത്തന്നെ ധാരാളം എതിര്‍പ്രചാരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. യൂറോകപ്പിനിടെ ഫ്രാന്‍സിലെ മാഴ്‌സേയില്‍ ഇംഗ്ലണ്ടുകാരെ തല്ലിച്ചതച്ച റഷ്യക്കാര്‍ കൈയാങ്കളി അഭ്യസിച്ചവരാണെന്നുവരെ ആരോപണമുയര്‍ന്നു. അത് റഷ്യയെ ഒട്ടും തുണച്ചിട്ടില്ല.

അടുത്ത ലോകകപ്പില്‍ ധാരാളം നല്ല കളിക്കാര്‍ ലോകത്തിനുമുന്നില്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുണ്ടാവും എന്നത് തീര്‍ച്ചയാണ്. എന്നാല്‍, ലോകത്തിലെ ഏറ്റവും നല്ല കളിക്കാരന്‍ അക്കൂട്ടത്തിലില്ലെങ്കില്‍, അതും സമ്മര്‍ദംമൂലം ഏതാണ്ട് പുറത്താക്കപ്പെട്ട ഒരു സ്ഥിതിയില്‍ മനംമടുത്താണ് ആ കളിക്കാരന്‍ വിട്ടുപോയതെങ്കില്‍ ഫുട്‌ബോളിന് അത് നന്നല്ല.

കളിക്കളം വിജയിയെ മാത്രമേ ഓര്‍ക്കൂ എന്നുപറയുന്നത് തെറ്റിദ്ധാരണയാണ്. തോറ്റവരെ അത് മറക്കുന്നേയില്ല. ഒരു ജില്ലയ്‌ക്കോ കോളേജിനോ കളിക്കുന്നതുപോലും അഭിമാനമായി കരുതുന്നവരാണ് എല്ലാ കളിക്കാരും. ജോ ഫ്രേസിയറോ സോണി ലിസ്റ്റണോ ഇല്ലെങ്കില്‍ മുഹമ്മദലിയെന്ന ബോക്‌സര്‍ ഇല്ല. അര്‍ജന്റീനയ്ക്ക് കപ്പ് നേടിക്കൊടുത്താലും ഇല്ലെങ്കിലും മെസ്സി എന്ന കളിക്കാരന് ഫുട്‌ബോള്‍ ചരിത്രത്തിലുള്ള സ്ഥാനത്തിന് ഇളക്കം തട്ടുന്നില്ല.

messi

ആ ജീവിതകഥ പറയുമ്പോള്‍ വലിയ ടൂര്‍ണമെന്റുകളില്‍ രാജ്യത്തെ ജയിപ്പിക്കാനായില്ല എന്ന് പരാമര്‍ശിക്കപ്പെടും എന്നുമാത്രം. അത് സ്വാഭാവികമാണ്. 1954ല്‍ ഹങ്കറിയും 74ല്‍ ഹോളണ്ടും ലോകചാമ്പ്യന്മാരാവേണ്ടതായിരുന്നു. പിന്നീട് രണ്ടുതവണകൂടി ഹോളണ്ട് ഫൈനലിലെത്തിയെങ്കിലും അവര്‍ക്ക് ലോകകപ്പ് ഇപ്പോഴും കയ്യെത്താത്ത അകലത്തില്‍ കിടക്കുന്നു. എന്നാല്‍, നാട്ടുകാരോ ഫുട്‌ബോള്‍ലോകമോ ഈ ടീമുകളെ മറന്നിട്ടേയില്ല.

ഒരു ക്ലബ്ബിനെ തിരഞ്ഞെടുക്കുന്നതുപോലെ ഒരു നാടിനെ തിരഞ്ഞെടുക്കാന്‍ കളിക്കാരന് അവകാശമില്ല. അതുകൊണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം സമമായ ഒരു കളിസ്ഥലത്താണ് നടക്കുന്നത്. സ്വന്തം രാജ്യത്തിന്റെ ടീമിനോട് കൂറുപുലര്‍ത്തുന്നവരാണ് ഒട്ടുമിക്ക കളിക്കാരും.

സ്വന്തം രാജ്യത്തിന്റെ ടീമിനോടുള്ള ദൃഢമായ ഈ കൂറ് കാണികളിലും കളിക്കാരിലും കാണാം. അര്‍ജന്റീന ജയിച്ചുകാണണമെന്ന് കാണികളുടെ ആഗ്രഹം തീവ്രമായിരിക്കും, അവരുടെ നിലവാരം നോക്കുമ്പോള്‍. മെസ്സി ചെറുപ്പത്തിലേ സ്‌പെയിനില്‍ ചെന്നുപറ്റിയ ആളാണ്. അര്‍ജന്റീനയില്‍ അദ്ദേഹത്തിന്റെ കളിജീവിതം നന്നേ ചെറുതുമാണ്. അര്‍ജന്റീന ജയിക്കാതെപോയതിന് കാരണക്കാരന്‍ അതുകാരണം മെസ്സിയാണെന്ന് അവിടത്തെ കാണികള്‍ വിചാരിച്ചേക്കാം.

എന്നാല്‍, അങ്ങനെയാണോ? തുടരെ ലക്ഷ്യം പാളിയതില്‍ ചില അടയാളങ്ങള്‍ കാണാനുണ്ടോ? തന്ത്രങ്ങളുടെ ഉള്ളുകള്ളികള്‍ അഴിച്ചുപണിയുന്നവര്‍ക്ക് കാരണങ്ങള്‍ കണ്ടെത്താനായേക്കും. മെസ്സി ഇല്ലാതിരുന്നിട്ടുകൂടി ആദ്യറൗണ്ടില്‍ ചിലിയെ അര്‍ജന്റീന തോല്‍പ്പിച്ചു. ആദ്യറൗണ്ടിലെ തോല്‍വിക്കുശേഷം ചിലി മെച്ചപ്പെട്ടു.

മെക്‌സിക്കോയെ അവര്‍ തകര്‍ത്തുകളഞ്ഞു. അര്‍ജന്റീന മികച്ച നിലയിലാണ് മുന്നേറിയത്. അതിനാല്‍ മെസ്സിയുടെ കളി വിളക്കിച്ചേര്‍ത്തതില്‍ വീഴ്ചവന്നു എന്നുപറയാന്‍ പറ്റില്ല. മറുതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക ചിലിയുടെ ഉത്തരവാദിത്വമാണ്. ചിലി ചാമ്പ്യന്മാരാണെന്നതും നല്ല ടീമാണെന്നതും മറക്കരുത്.

fans

ആദ്യകാലത്ത് വലതുഭാഗത്ത് കളിതുടങ്ങിയ മെസ്സിയെ കുറേക്കൂടി നടുക്കുകൊണ്ടുവന്ന് കളിയില്‍ മിക്കപ്പോഴും പങ്കുവഹിക്കാനുള്ള അന്തരീക്ഷം വിജയകരമായി സൃഷ്ടിച്ചത് ബാഴ്‌സലോണയില്‍ അദ്ദേഹത്തിന്റെ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സുവാരസ് വന്നതോടെ പെനാല്‍ട്ടി ബോക്‌സിന്റെ ചുമതലയില്‍നിന്ന് കുറേ വിടുതല്‍നേടി സഹായിയുടെ തലത്തിലേക്ക് മെസ്സി മാറിയത് മറ്റൊരു പരിവര്‍ത്തനമാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അര്‍ജന്റീനയ്ക്കായപ്പോള്‍ കളി വീണ്ടും മാറി.

ഫൈനലിന്റെ പിരിമുറുക്കവും ഭീതിയും തോല്‍വിക്കും എതിര്‍ടീമിന്റെ വിജയത്തിനും കാരണമായിട്ടുണ്ടാകാം. ജര്‍മനിയുടെയോ സ്‌പെയിനിന്റെയോ ഒപ്പംനില്‍ക്കുന്ന ടീമാണ് അര്‍ജന്റീന. ജര്‍മനി കളി ആസ്വദിക്കുകയും അതിലെ ആപത്സാധ്യത സ്വീകരിക്കുകയും ചെയ്യുന്നു. വിപരീതചിന്തകള്‍ ഉപേക്ഷിച്ച് അതുപോലെ കളിക്കേണ്ടതുണ്ട് അര്‍ജന്റീനയും. ബാഴ്‌സലോണയുടെ മെസ്സിയെ അര്‍ജന്റീനയുടെ മെസ്സിയുടെ തീരുമാനം ബാധിക്കുമോ എന്നാണ് ഇനി അറിയാനിരിക്കുന്നത്. നമുക്ക് അതിരില്ലാത്ത ആനന്ദം പകര്‍ന്നുതന്ന കളിക്കാരന് അങ്ങനെ സംഭവിക്കാതിരിക്കട്ടെ.