ബാര്‍സലോണ: ലാ ലിഗയില്‍ ബാര്‍സലോണയ്ക്ക് തകര്‍പ്പന്‍ ജയം. അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ബാര്‍സ കീഴടക്കിയത്. 20-ാം മിനിട്ടില്‍ ബാര്‍സയ്ക്കായി ആദ്യ ഗോള്‍ നേടിയ ലയണല്‍ മെസ്സി അപൂര്‍വമായ ഒരു റെക്കോഡ് ഈ മത്സരത്തിലൂടെ സ്വന്തമാക്കി.

ബാര്‍സലോണയ്ക്കായി മെസ്സി നേടുന്ന 650-ാം ഗോളാണ് മത്സരത്തില്‍ പിറന്നത്. അതിമനോഹരമായ ഫ്രീകിക്കിലൂടെയാണ് മെസ്സി ഗോള്‍ നേടിയത്. മെസ്സിയുടെ കിക്ക് നോക്കി നില്‍ക്കാനേ ഗോള്‍കീപ്പര്‍ സൈമണ് സാധിച്ചുള്ളൂ. 

മെസ്സിയിലൂടെ ലീഡെടുത്ത ബാര്‍സ എന്നാല്‍ 49-ാം മിനിട്ടില്‍ സമനില ഗോള്‍ വഴങ്ങി. ബാര്‍സയുടെ താരം ജോര്‍ഡി ആല്‍ബ വഴങ്ങിയ സെല്‍ഫ് ഗോളിലൂടെയാണ് അത്‌ലറ്റിക്കോ ബില്‍ബാവോ സമനില ഗോള്‍ നേടിയത്. എന്നാല്‍ 74-ാം മിനിട്ടില്‍ സ്‌കോര്‍ ചെയ്ത് അന്റോയിന്‍ ഗ്രീസ്മാന്‍ ബാര്‍സയ്ക്കായി വിജയഗോള്‍ നേടി. ഈ വിജയത്തോടെ 20 മത്സരങ്ങളില്‍ നിന്നും 40 പോയന്റുകളുമായി ബാര്‍സ റയലിനെ മറികടന്ന് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

മറ്റൊരു മത്സരത്തില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മഡ്രിഡ് രണ്ടിനെതിരേ നാലുഗോളുകള്‍ക്ക് കാഡിസിനെ കീഴടക്കി. അത്‌ലറ്റിക്കോയ്ക്കായി ലൂയി സുവാരസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സൗള്‍ നിഗ്യുസ്, കോക്കെ എന്നിവര്‍ ഓരോ ഗോളുകള്‍ വീതം നേടി. കാഡിസിനായി ആല്‍വാരോ നെഗ്രെഡോ ഇരട്ട ഗോളുകള്‍ നേടി.

Content Highlights: Lionel Messi registers his 650th goal for Barcelona