മോസ്‌ക്കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ലയണല്‍ മെസ്സിയുടെ കരിയറില്‍ നിര്‍ണായകമാണ്. ഒരുപക്ഷേ അത് ദേശീയ ജഴ്‌സിയില്‍ മെസ്സിയെന്ന ഫുട്‌ബോള്‍ താരത്തെ അടയാളപ്പെടുത്താനുള്ള അവസാന അവസരമായിരിക്കും. പെലെയും മറഡോണയേയും പോലെ ലോകകപ്പ് നേടി ഇതിഹാസമാകാന്‍ മെസ്സിക്കുള്ള അവസരം.

2014ല്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ ലോകകപ്പ് റഷ്യയില്‍ സ്വന്തമാക്കാന്‍ മെസ്സി അതിയായി ആഗ്രഹിക്കുന്നുണ്ട്. ഒരു ശപഥം പോലെയാണ് മെസ്സി ആ ആഗ്രഹത്തെ കാണുന്നത്. ലോകകപ്പ് നേടിയാല്‍ ജന്മനഗരമായ റൊസാരിയോയിലെ സാന്‍ നികോളാസിലേക്ക് തീര്‍ത്ഥയാത്ര പോകുമെന്നാണ് മെസ്സിയുടെ ശപഥം. അതും കാല്‍നടയായി 68 കിലോമീറ്റര്‍ സഞ്ചരിച്ച്. ഏകദേശം 14 മണിക്കൂറെങ്കിലുമെടുക്കുന്ന യാത്രയാണിത്. മോസ്‌ക്കോയില്‍ വെച്ച് ടിവൈസി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യക്കെതിരായ സൗഹൃദ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് അര്‍ജന്റീന.

അര്‍ജന്റീനയിലെ കാത്തോലിക്കരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് സാന്‍ നിക്കോളാസ്. എല്ലാ സെപ്തംബറിലും നിരവധിയാളുകളാണ് ഇവിടെ തീര്‍ത്ഥാടകരായി എത്തുന്നത്. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്ന് അവസാന നിമിഷമാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടിയത്. ഇക്വഡോറിനെതിരെ മെസ്സി നേടിയ ഹാട്രിക് ഗോളിലായിരുന്നു അത്. 

Content Highlights: Lionel Messi  Religious Pilgrimage Argentina World Cup Football