Photo: instagram.com/leomessi/
പാരിസ്: ഈ സീസണോടെ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ വിടാനൊരുങ്ങുന്ന സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് ആശംസയറിയിച്ച് ബാഴ്‌സയില്‍ അദ്ദേഹത്തിന്റെ സഹതാരമായിരുന്ന ലയണല്‍ മെസ്സി. കളിക്കാരനെന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും മികച്ചയാളാണ് ബുസ്‌ക്വെറ്റ്‌സ് എന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ മെസ്സി വ്യക്തമാക്കി.
കളത്തിനകത്തും പുറത്തുമായി ഒന്നിച്ച് ചിലവഴിച്ച നിമിഷങ്ങള്‍ക്ക് ബുസ്‌ക്വെറ്റ്‌സിന് നന്ദി പറഞ്ഞ മെസ്സി, അതെല്ലാം ഓര്‍മയില്‍ എന്നെന്നും നിലനില്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ബാഴ്‌സയില്‍ ഒന്നിച്ച് കളിക്കുന്ന കാലത്ത് മെസ്സിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നയാളാണ് ബുസ്‌ക്വെറ്റ്‌സ്. ബാഴ്‌സയ്‌ക്കൊപ്പം മൂന്ന് ചാമ്പ്യന്‍സ് ലീഗ്, എട്ട് ലാ ലിഗ, ഏഴ് കോപ്പ ഡെല്‍ റേ കിരീട നേട്ടങ്ങളില്‍ ഇരുവരും ഒന്നിച്ച് ഭാഗമായിട്ടുണ്ട്.
ബാഴ്‌സയുമായി 18 വര്‍ഷക്കാലത്തോളം നീണ്ടുനിന്ന ബന്ധമാണ് ബുസ്‌ക്വെറ്റ്‌സ് അവസാനിപ്പിക്കുന്നത്. 34-കാരനായ ബുസ്‌കെറ്റ്സ് ഇതുവരെ ക്ലബ്ബിനായി 718 മത്സരങ്ങളാണ് കളിച്ചത്. എട്ട് ലാലിഗ കിരീടങ്ങളും ഏഴ് വീതം കോപ്പ ഡെല്‍ റേയും സ്പാനിഷ് സൂപ്പര്‍ കപ്പും നേടി. മൂന്നുതവണ ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടു. മൂന്നുവീതം യുവേഫ സൂപ്പര്‍ കപ്പും ക്ലബ്ബ് ലോകകപ്പും നേടി.
2005-ലാണ് ബുസ്‌കെറ്റ്സ് ബാഴ്സ യൂത്ത് ടീമിലെത്തുന്നത്. 2008-ല്‍ അന്നത്തെ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയാണ് സീനിയര്‍ ടീമിലെത്തിച്ചത്. റേസിങ് സാന്റന്‍ഡറിനെതിരേ അരങ്ങേറി. 15 വര്‍ഷം നീണ്ട സീനിയര്‍ കരിയറില്‍ ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ 18 ഗോളും 40 അസിസ്റ്റും നേടി. നടപ്പുസീസണില്‍ ബാഴ്സ ലാലിഗയില്‍ കിരീടം ഉറപ്പാക്കിയിട്ടുണ്ട്. കപ്പുയര്‍ത്തിയാകും നായകസ്ഥാനത്തുനിന്നും ക്ലബ്ബില്‍നിന്നും ബുസ്‌കെറ്റ്സ് പടിയിറങ്ങുന്നത്.
Content Highlights: Lionel Messi pens heartfelt note after Sergio Busquets
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..