ബാഴ്‌സലോണ: പ്രീ സീസണ്‍ സൗഹൃദ മത്സരത്തില്‍ ജിറോണയ്‌ക്കെതിരേ ബാഴ്‌സലോണയ്ക്ക് ജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ ജയിച്ചു കയറിയത്. 

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കോച്ച് റൊണാള്‍ഡ് കോമാന്‍ സുവാരസിനെയും ആര്‍തുറോ വിദാലിനെയും പുറത്തിരുത്തി. 

ബാഴ്‌സ വിടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു ശേഷം മെസ്സി ക്ലബ്ബിനായി ആദ്യമായി സ്‌കോര്‍ ചെയ്ത മത്സരം കൂടിയായിരുന്നു ഇത്. 

യൊഹാന്‍ ക്രൈഫ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 21-ാം മിനിറ്റില്‍ മെസ്സിയുടെയും പുതുമുഖം ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോയുടെയും മുന്നേറ്റത്തില്‍ നിന്ന് ഫിലിപ്പെ കുടീഞ്ഞ്യോയാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. 45-ാം മിനിറ്റില്‍ ഉഗ്രനൊരു ലോങ്‌റേഞ്ചറിലൂടെ മെസ്സി ബാഴ്‌സയുടെ ലീഡുയര്‍ത്തി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ സാമുവല്‍ സായ്‌സ് ജിറോണയ്ക്കായി ഒരു ഗോള്‍ മടക്കി. 51-ാം മിനിറ്റില്‍ മെസ്സി തന്നെ ബാഴ്‌സയുടെ ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി.

Content Highlights: Lionel Messi nets two Barcelona beat Girona in friendly