ഗോൾ നേട്ടത്തിന് ശേഷം സഹതാരങ്ങളുമായി സന്തോഷം പങ്കിടുന്ന മെസ്സി |ഫോട്ടോ:AFP
ബ്യൂണസ് ഐറിസ്: ലോക ചാമ്പ്യന്‍മാരായതിന് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ലയണല്‍ മെസ്സി ക്ലബ്ബിനും രാജ്യത്തിനുമായി തന്റെ കരിയറിലെ 800-ാം ഗോള്‍ നേടി. ബ്യൂണസ് ഐറിസില്‍ നടന്ന മത്സരത്തില്‍ പനാമയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലോക ചാമ്പ്യന്‍മാര്‍ പരാജയപ്പെടുത്തിയത്.
ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാംപകുതിയിലാണ് അര്‍ജന്റീന രണ്ടുഗോളുകളും നേടിയത്. ക്യാപ്റ്റന്‍ മെസ്സിയെടുത്ത ഫ്രീകിക്ക്, പനാമ പോസ്റ്റില്‍ തട്ടിത്തെറിച്ച പന്താണ് 78-ാംമിനിറ്റില്‍ തിയാഗോ അല്‍മാഡ അര്‍ജന്റീനയുടെ ആദ്യ ഗോളാക്കി മാറ്റിയത്. പത്ത് മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു ഫ്രീകിക്കിലൂടെ മെസ്സി അതിശയിപ്പിക്കുന്ന ഗോള്‍ സ്വന്തമാക്കി സ്‌കോര്‍ രണ്ടാക്കി ഉയര്‍ത്തി.
25 വാര അകലെ നിന്ന് മെസ്സി തൊടുത്ത ഷോട്ട് പനാമയുടെ പ്രതിരോധ മതിലിന് മുകളിലൂടെ ഗോള്‍കീപ്പര്‍ക്ക് ഒരു അവസരവും നല്‍കാതെ പോസ്റ്റിന്റെ വലത് മൂലയ്ക്കുള്ളിലായി ചെന്ന് പതിച്ചു.
ലോകകീരിടം ഉയര്‍ത്തിയ ശേഷം ആദ്യ മത്സരത്തിനിറങ്ങിയ അര്‍ജന്റീനന്‍ ടീമിന് ബ്യൂണസ് ഐറിസില്‍ ആരാധകര്‍ വന്‍സ്വീകരണമാണ് ഒരുക്കിയിരുന്നത്. മെസ്സിയുടെ പ്രൊഫഷണല്‍ കരിയറിലെ 800-ാം ഗോളും ഇവിടെ പിറന്നു. ചൊവ്വാഴ്ച കുറക്കാവോയ്ക്കെതിരായ അര്‍ജന്റീനയുടെ അടുത്ത സൗഹൃദമത്സരത്തില്‍ മറ്റൊരു സ്‌കോര്‍ കൂടി മെസ്സിക്ക് നേടാനായാല്‍ ദേശീയ ടീമിനായി 100 ഗോളുകള്‍ എന്ന നേട്ടം സ്വന്തമാക്കാം.
ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനല്‍ വിജയം നേടിയ അതേ സ്റ്റാര്‍ട്ടിംഗ് ലൈനപ്പാണ് ലയണല്‍ സ്‌കലോനി പനാമയ്‌ക്കെതിരെയും തിരഞ്ഞെടുത്തത്. എന്നാല്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും രണ്ടാം പകുതിയുടെ അവസാനം വരെ പനാമയുടെ പ്രതിരോധ മതില്‍ ഭേദിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീനയുടെ മുഴുവന്‍ സ്‌ക്വാഡും മത്സരത്തിനെത്തിയിരുന്നു. മെസ്സിയുള്‍പ്പടെയുള്ള താരങ്ങള്‍ കുടുംബങ്ങളുമായിട്ടാണ് എത്തിയത്.
Content Highlights: Lionel Messi Nets 800th Career Goal in Argentina's 2-0 Win Over Panama
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..