പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിലേക്കുള്ള ലയണല്‍ മെസ്സിയുടെ വരവ് വെറും വരവാകില്ല. പാരീസ് സെയ്ന്റ് ഷാര്‍മാങ് (പി.എസ്.ജി) ക്ലബ്ബിലെ രണ്ട് വര്‍ഷം ലീഗ് വണ്‍ ഫുട്ബോളിലുണ്ടാക്കുന്ന മാറ്റം ചെറുതാകില്ല. ബിഗ് ഫൈവ് ലീഗുകളില്‍ നിലവില്‍ അഞ്ചാമതായി നില്‍ക്കുന്ന ഫ്രഞ്ച് ലീഗിന് വലിയ കുതിച്ചുചാട്ടത്തിനുള്ള അവസരമാണ് അര്‍ജന്റീന സൂപ്പര്‍താരത്തിന്റെ വരവ് നല്‍കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ താരങ്ങളിലൊരാളാണ് മെസ്സി. ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് മൂല്യമുള്ള താരവും. മെസ്സി വരുന്നതോടെ പി.എസ്.ജി.യുടെ കളികള്‍ക്ക് കാണികള്‍ കൂടുമെന്നുറപ്പ്. അതിനൊപ്പം ക്ലബ്ബിന്റെ ബ്രാന്‍ഡ് മൂല്യവും കൂടും. ഇതെല്ലാം ഫ്രഞ്ച് ലീഗിനും ഗുണകരമാകും. നിലവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാലിഗ, ജര്‍മന്‍ ബുണ്ടസ് ലിഗ, ഇറ്റാലിയന്‍ സീരി എ ലീഗുകള്‍ കഴിഞ്ഞാണ് വരുമാനത്തിലും ടെലിവിഷന്‍ കാഴ്ചക്കാരിലും ഫ്രഞ്ച് ലീഗിന് സ്ഥാനം. ഈ അവസ്ഥയ്ക്കുതന്നെ മാറ്റം സംഭവിച്ചാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

ലോക ഫുട്ബോളിലെ ആദ്യ മൂന്ന് സ്ഥാനക്കാരായി വിലയിരുത്തപ്പെടുന്നവരില്‍ മെസ്സിയും നെയ്മറും പി.എസ്.ജി.യിലാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിലും. മെസ്സി-ക്രിസ്റ്റ്യാനോ യുഗത്തിന് ശേഷം താരമാകുമെന്ന് കരുതപ്പെടുന്ന ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെ കൂടിയുള്ളതോടെ പി.എസ്.ജി. ലോകത്തെ ഏറ്റവും താരമൂല്യമുള്ള ക്ലബ്ബായി മാറി. മുമ്പ് റയല്‍ മഡ്രിഡിന്റെ നക്ഷത്രക്കൂട്ടത്തോടാണ് പി.എസ്.ജി. ഉപമിക്കപ്പെടുന്നത്.

2017-ല്‍ നെയ്മര്‍ വന്നതോടെ ഫ്രഞ്ച് ലീഗ് വണ്ണിന്റെ ബ്രാന്‍ഡ് മൂല്യം കുതിച്ചുയര്‍ന്നിരുന്നു. 7800 കോടി രൂപയില്‍നിന്ന് 10800 കോടിയായി മാറിയിരുന്നു. മെസ്സിയുടെ വരവോടെ ഇതിലും കൂടുതല്‍ മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ലബ്ബിന്റെയും ലീഗിന്റെയും വരുമാനത്തിലും വലിയ മാറങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇതിന് പുറമെ, ഫ്രഞ്ച് ലീഗിന്റെയും പി.എസ്.ജി.യുടെയും ജനപ്രീതി വന്‍തോതില്‍ വര്‍ധിക്കും. ഇതിന്റെ സൂചനകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. മെസ്സിയുടെ വരവ് പ്രഖ്യാപിച്ചതോടെ പി.എസ്.ജി.ക്ക് സാമൂഹിക മാധ്യമങ്ങളില്‍ 14 ലക്ഷത്തോളം ഫോളോവേഴ്സാണ് പുതുതായുണ്ടായത്.

ഫ്രഞ്ച് ലീഗില്‍ ക്ലബ്ബിന് എതിരാളികളുണ്ടാകാനിടയില്ല. എന്നാല്‍ ലീഗ് കിരീടത്തേക്കാള്‍ ചാമ്പ്യന്‍സ് ലീഗാണ് മാനേജ്മെന്റ് ലക്ഷ്യം വെക്കുന്നത്. മെസ്സി-നെയ്മര്‍- എംബാപ്പെ ത്രയം നേടിത്തരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlights: Lionel Messi Joining PSG french league in focus