റിയോ ഡി ജനൈറോ: 28 വര്‍ഷക്കാലമായി ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകര്‍ കാത്തിരുന്ന ഒരു കിരീട വിജയമായിരുന്നു ദിവസങ്ങള്‍ക്കു മുമ്പ് കോപ്പ അമേരിക്ക ഫൈനലില്‍ മാരക്കാന സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. 

ഏയ്ഞ്ചല്‍ ഡി മരിയ എന്ന മാലാഖയുടെ ഏക ഗോളില്‍ ബ്രസീലിനെ കീഴടക്കി നീലക്കുപ്പായക്കാര്‍ കോപ്പ കിരീടം ഉയര്‍ത്തിയപ്പോള്‍ അത് ലയണല്‍ മെസ്സിയെന്ന താരത്തിന് അര്‍ഹിച്ച അംഗീകാരമായി മാറുകയായിരുന്നു. 

കാരണം ക്ലബ്ബ് കരിയറില്‍ ബാഴ്‌സലോണയ്ക്കായി കിരീടങ്ങള്‍ ഓരോന്നായി സ്വന്തമാക്കുമ്പോഴും സ്വന്തം രാജ്യത്തിനായി ഒരു കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്ത താരമെന്ന പഴി കുറേയേറെക്കാലം അയാള്‍ കേട്ടതാണ്. മുന്‍പ് മൂന്നു തവണ കോപ്പ അമേരിക്ക ഫൈനലിലും (2007, 2015, 2016) ഒരു തവണ ലോകകപ്പിലും (2014) കൈവിട്ട കിരീട നേട്ടം അയാള്‍ സ്വന്തമാക്കിയപ്പോള്‍ കൈയടിച്ചത് ലോകമെമ്പാടുമുള്ള മെസ്സി ആരാധകര്‍ മാത്രമായിരുന്നില്ല.

എന്നാല്‍ ദേശീയ ടീമിനായുള്ള തന്റെ ആദ്യ കിരീട നേട്ടത്തിന്റെ ആഘോഷാരവങ്ങള്‍ക്കിടയിലും എതിര്‍ ടീമിനെ കുറിച്ചുള്ള മോശം പാട്ട് പാടാന്‍ ശ്രമിച്ച സഹതാരത്തെ മെസ്സി വിലക്കുന്നതിനും ഫുട്‌ബോള്‍ ലോകം സാക്ഷിയായി.

റഫറി ഫൈനല്‍ വിസില്‍ മുഴക്കിയതിനു പിന്നാലെ മെസ്സിയും സംഘവും ആഘോഷം തുടങ്ങിയിരുന്നു. നിറ കണ്ണുകളോടെയാണ് മെസ്സിയെ മത്സര ശേഷം നാം കണ്ടത്. 

ഇതിനിടെ ടീം അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ആര്‍ത്തുവിളിച്ച് കിരീട നേട്ടം ആഘോഷിക്കുന്നതിനിടെയാണ് സഹതാരങ്ങളില്‍ ഒരാളായ റോഡ്രിഗോ ഡി പോള്‍ സാധാരണ എതിരാളികളായ ബ്രസീല്‍ ടീമിനെ കളിയാക്കി അര്‍ജന്റീനക്കാര്‍ പാടാറുള്ള ഒരു പാട്ടിന്റെ വരി മൂളിത്തുടങ്ങിയത്. ഏയ്ഞ്ചല്‍ ഡി മിരിയ നേടിയ വിജയ ഗോളിന് വഴിവെച്ച താരം കൂടിയായിരുന്നു ഡി പോള്‍.

എന്നാല്‍ ആഘോഷത്തിനിടെ ഇതു ശ്രദ്ധിച്ച മെസ്സി ഉടന്‍ തന്നെ പാടുന്നതില്‍ നിന്ന് ഡി പോളിനെ വിലക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രസീലിനെ കളിയാക്കുന്നതും പെലെയ്ക്ക് മുകളിലാണ് മാറഡോണ എന്ന വരികള്‍ ഉള്ളതുമാണ് ഈ പാട്ട്. 

വിജയാഘോഷത്തിനിടയിലും ഇത്തരമൊരു പ്രവൃത്തിയില്‍ നിന്ന് സഹതാരത്തെ തടഞ്ഞ മെസ്സിക്ക് കൈയടിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

Content Highlights: Lionel Messi Immediately Stops Argentina Teammate From mocking Brazil