ബാഴ്‌സലോണ: ലയണല്‍ മെസ്സി തന്റെ ഫുട്‌ബോള്‍ കരിയറിലെ 700-ാം ഗോള്‍ നേടിയ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ സമനിലയില്‍ കുടുങ്ങി ബാഴ്‌സലോണ. സമനിലയോടെ (2-2) ബാഴ്‌സയുടെ ലാ ലിഗ കിരീട മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. രണ്ടു തവണ ലീഡെടുത്ത ശേഷമാണ് സ്വന്തം മൈതാനത്ത് ബാഴ്‌സ സമനില വഴങ്ങിയത്.

വിവാദങ്ങള്‍ ഏറെ ഉണ്ടായ മത്സരത്തില്‍ മൂന്നു പെനാല്‍റ്റികളും ഒരു സെല്‍ഫ് ഗോളും പിറന്നു. 11-ാം മിനിറ്റില്‍ മെസ്സിയുടെ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ അത്‌ലറ്റിക്കോ താരം ഡിയഗോ കോസ്റ്റയുടെ കാലില്‍ തട്ടി പന്ത് വലയിലെത്തി. 15-ാം മിനിറ്റില്‍ വിദാലിന്റെ ഫൗളിനെ തുടര്‍ന്ന് ബാഴ്‌സയ്‌ക്കെതിരായ പെനാല്‍റ്റി വന്നു. ഡിയഗോ കോസ്റ്റയുടെ കിക്ക് ബാഴ്‌സ ഗോളി ടെര്‍സ്‌റ്റേഗന്‍ തടയുകയും ചെയ്തു. പക്ഷേ  ടെര്‍‌സ്റ്റേഗന്‍ പന്ത് സേവ് ചെയ്തത് ഗോള്‍ വരയില്‍ നിന്ന് മുന്നോട്ട് വന്നാണ് എന്ന് വിധിച്ച റഫറി വീണ്ടും കിക്കെടുക്കാന്‍ പറഞ്ഞതോടെ സംഭവം വിവാദമായി. പിന്നീട് 19-ാം മിനിറ്റില്‍ കിക്കെടുത്ത സൗള്‍ അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയില്‍ സെമഡോയ്‌ക്കെതിരായ ഫൗളിന് ബാഴ്‌സയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. പനേങ്ക കിക്കിലൂടെ പന്ത് വലയിലെത്തിച്ച മെസ്സി കരിയറിലെ 700-ാം ഗോളും സ്വന്തമാക്കി. ബാഴ്‌സലോണയ്ക്കായി 630 ഗോളുകള്‍ നേടിയ മെസ്സി അര്‍ജന്റീനയ്ക്കായി 70 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ കളിക്കുന്നവരില്‍ 700 ഗോളുകള്‍ സ്വന്തമാക്കിയവരില്‍ രണ്ടാം സ്ഥാനത്താണ് മെസ്സി. യുവെന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇക്കൂട്ടത്തില്‍ മുന്നില്‍. 725 ഗോളുകളാണ് റോണോയുടെ പേരിലുള്ളത്. 1002 മത്സരങ്ങളില്‍ നിന്നാണ് റോണോയുടെ ഈ നേട്ടം. മെസ്സി 700 ഗോളുകള്‍ തികയ്ക്കാനെടുത്തത് 860 മത്സരങ്ങള്‍ മാത്രമാണ്.

62-ാം മിനിറ്റിലാണ് മറ്റൊരു വിവാദ പെനാല്‍റ്റി വരുന്നത്. അത്‌ലറ്റിക്കോ താരം കറാസ്‌കോ ബാഴ്‌സ ബോക്‌സില്‍ വീണതിനായിരുന്നു പെനാല്‍റ്റി വിധിച്ചത്. ഇതും പെനാല്‍ട്ടിയല്ലെന്ന് ബാഴ്‌സ താരങ്ങള്‍ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. കിക്കെടുത്ത സൗള്‍ അത്‌ലറ്റിക്കോടെ വീണ്ടും ഒപ്പമെത്തിച്ചു.

ബാഴ്‌സയുടെ സമനിലയോടെ റയലിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. 33 മത്സരങ്ങളില്‍ നിന്ന് 70 പോയന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം കുറവ് കളിച്ച റയല്‍ 71 പോയന്റോടെ ഒന്നാമതും. അടുത്ത മത്സരം ജയിച്ചാല്‍ റയലിന് ബാഴ്‌സയേക്കാള്‍ നാലു പോയന്റ് ലീഡാകും. ലീഗില്‍ അഞ്ചു മത്സരങ്ങള്‍ മാത്രം ശേഷിക്കേ ബാഴ്‌സയ്ക്ക് ഇനി കിരീടം നേടുകയെന്നത് കടുപ്പമാകും.

Content Highlights: Lionel Messi hits 700th goal but Barcelona drops points after Atletico Madrid draw