ഹെര്‍നന്‍ കാസിയാരി എന്ന അര്‍ജന്റൈന്‍ എഴുത്തുകാരന്‍ ലയണല്‍ മെസ്സിയെ ഉപമിച്ചത് ഒരു പട്ടിയോടാണ്. മെസ്സി ഈസ് എ ഡോഗ് എന്നു തലക്കെട്ടിട്ട തന്റെ അതിപ്രശസ്തമായ ലേഖനത്തില്‍ അതിനുള്ള കാരണവും അടിവരയിട്ട് വ്യക്തമാക്കുന്നുണ്ട് മെസ്സിയുടെ കളി കാണാന്‍ വേണ്ടി മാത്രം ജന്മനാടായ അര്‍ജന്റീനയെ ഉപേക്ഷിച്ച് ബാഴ്സലോണയില്‍ താമസമാക്കിയ കാസിയാരി.

മെസ്സിയെന്ന കളിക്കാരനിലെ ഏറെയാരും കാണാത്ത, ഏറെപ്പേരൊന്നും ചൂണ്ടിക്കാണിക്കാത്തൊരു സവിശേഷതയാണ് കാസിയാരി വലിയ ഒച്ചപ്പാടുകള്‍ക്ക് വഴിവച്ച തന്റെ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. അത് പന്തിലുള്ള മെസ്സിയുടെ ശ്രദ്ധയാണ്. കളിക്കളത്തില്‍ മെസ്സിയുടെ നോട്ടം പന്തില്‍ മാത്രമാണെന്ന് ബാഴ്സയ്ക്കും അര്‍ജന്റീനയ്ക്കും വേണ്ടിയുള്ള മെസ്സിയുടെ കളിയുടെ ആനേകം വീഡിയോ ക്ലിപ്പുകള്‍ ഫ്രെയിമോടു ഫ്രെയിം പരിശോധിച്ചശേഷം കാസിയാരി പറയുന്നു.

പന്ത് കൈയില്‍ കിട്ടിയ, വെടിയുണ്ട ഉതിര്‍ക്കുന്ന മെസ്സിയെയല്ല, ഗ്രൗണ്ടില്‍ അതിക്രൂരമായ ടാക്ലിങ്ങിന് വിധേയനാകേണ്ടിവരുന്ന മെസ്സിയെയാണ് കാസിയാരി പരിശോധിച്ചത്. ചവിട്ടും തള്ളുമേറ്റ് വീഴുമ്പോഴൊന്നും എതിര്‍ താരത്തിന് കാര്‍ഡ് വാങ്ങിക്കൊടുക്കാനുള്ള വ്യഗ്രതയല്ല മെസ്സിയുടെ മുഖത്ത് തെളിയുന്നതെന്ന് കാസിയാരി ദൃശ്യങ്ങള്‍ സഹിതം സമര്‍ഥിക്കുന്നു. വേദനയോടെ ഗ്രൗണ്ടില്‍ വീഴുമ്പോഴെല്ലാം മെസ്സിയുടെ നോട്ടം പന്തില്‍ മാത്രമാണ്. ഒരിക്കലും പന്തില്‍ നിന്ന് ആ കണ്ണ് പിന്‍വാങ്ങുന്നേയില്ല. ടോട്ടിന്‍ എന്ന തന്റെ വളര്‍ത്തുപട്ടിയുടെ നോട്ടമാണ് ഇത് തന്നെ ഓര്‍മിപ്പിക്കുന്നതെന്ന് നല്ല അര്‍ഥത്തില്‍ തന്നെ കാസിയാരി ലേഖനത്തില്‍ പറയുന്നുണ്ട്.

Hernan Casciari
ഹെര്‍നന്‍ കാസിയാരി Photo: Twitter

അവന്റെ പ്രിയപ്പെട്ടൊരു മഞ്ഞ സ്പോഞ്ചിനുവേണ്ടി ടോട്ടിന്‍ എന്തും ചെയ്യുമായിരുന്നു. ടോട്ടിന് സ്പോഞ്ചിനെ നോക്കുന്ന പോലെയാണ് മെസ്സി പന്തില്‍ നോട്ടം കുരുക്കുന്നത്. ഒരുതരം ഷെര്‍ലെക് ഹോംസിന്റെ നോട്ടം. പന്ത് കളിക്കുന്ന ആദ്യത്തെ പട്ടിയാണ് മെസ്സിയെന്നും കാസിയാരി ഒട്ടും സങ്കോചമില്ലാതെ സമര്‍ഥിക്കുന്നുണ്ട് ഈ ലേഖനത്തില്‍. ഇഷ്ടപ്പെട്ട വസ്തുവിനെ കണ്ടാല്‍ അവര്‍ എല്ലാ നിയമവും മറക്കും. അമ്പതുകള്‍വരെ മനുഷ്യന്‍ പന്ത് കളിച്ചതും ഇങ്ങനെയായിരുന്നു. നിയമങ്ങളും നിയന്ത്രണങ്ങളും വന്നതോടെ നമ്മള്‍ മഞ്ഞ സ്പോഞ്ച് മറന്ന ടോട്ടിനെപ്പോലെയായി. അതിനൊരു അപവാദമായി മെസ്സിയുടെ കണ്ണ് ഇപ്പോഴും പന്തില്‍ തന്നെയാണ്. ഇങ്ങനത്തെ അവസാനത്തെയാളാണ് മെസ്സി. അങ്ങിനെ പോകുന്നു കാസിയാരിയുടെ വാദഗതികള്‍.

ഈ ഉപമയോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. കാസിയാരിയുടെ നിരീക്ഷണം, പക്ഷേ, അക്ഷരംപ്രതി ശരിയാണ്. ഗ്രൗണ്ടിലിറങ്ങിക്കഴിഞ്ഞാല്‍ മെസ്സിയുടെ നോട്ടം പിന്നെ പന്തില്‍ മാത്രമാണ്. കാലില്‍ കുരുങ്ങിക്കഴിഞ്ഞാല്‍ അതിനെ നെറ്റിലെത്തിക്കുന്ന വഴിയെക്കുറിച്ചു മാത്രമാണ് ചിന്ത. ശരീരചലനങ്ങളും പരിമിതികളും നിയമങ്ങളും എതിര്‍ പ്രതിരോധവുമെല്ലാം അപ്രസക്തമാണ്. ആ പന്തില്ലെങ്കില്‍ പിന്നെ ശരീരം കൊണ്ടും പ്രകൃതം കൊണ്ടും മെസ്സി മറ്റേതൊരാളെയും പോലെ ഒരു സാധാരണക്കാരനാണ്. പന്തിന്റെ ഭാഷ മാത്രമേ മെസ്സിക്ക് മനസ്സിലാവൂ. ആക്രമണത്തിനുള്ള പ്രത്യാക്രമണവും ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയുമെല്ലാം പന്തു കൊണ്ട് മാത്രമാണ്.

സമുദ്രനിരപ്പില്‍ നിന്ന് ഒന്‍പതിനായിരത്തിലേറെ അടി ഉയരത്തിലുള്ള, ഓക്സിജന്റെ അളവ് തുലോം കുറവായ ഇക്വഡോറിലെ എസ്റ്റാഡിയോ ഒളിംപിക്കോ അതാഹ്വാലപ സ്റ്റേഡിയത്തില്‍ എണ്ണിയെണ്ണി മൂന്ന് ഗോള്‍ അടിച്ചുകയറ്റുമ്പോള്‍ അര്‍ജന്റീനയ്ക്ക് റഷ്യയിലേയ്ക്കുള്ള ഒരു ടിക്കറ്റ് ഉറപ്പിക്കുക മാത്രമല്ല മെസ്സി ചെയ്തത്. പ്രാര്‍ഥനാനിരതരായ കോടിക്കണക്കിന് വരുന്ന ആരാധകര്‍ക്ക് സ്വപ്നതുല്ല്യമായ വിരുന്നൊരുക്കിയ, തന്റെ മുദ്ര പതിഞ്ഞ ഓരോ ഗോളിലൂടെയും രാജ്യത്തെയും ക്ലബിനെയും രണ്ടു തട്ടിലളന്ന് തന്റെ പ്രൊഷണലിസത്തെ ചോദ്യം ചെയ്തുകൊണ്ടിരുന്നവര്‍ക്കുള്ള മറുപടി നല്‍കുക കൂടിയായിരുന്നു അര്‍ജന്റൈന്‍ നായകന്‍.

ഇക്വഡോറിലെ തോല്‍വിയോടെ തകര്‍ന്നു തരിപ്പണമാകുമായിരുന്നത് പ്രതിസന്ധികളില്‍ ഉലയുന്ന അര്‍ജന്റീനാ ഫുട്ബോളും ഒരു ലോകകപ്പിന്റെ ചാരുതയും അങ്ങ് ബ്യൂണസ് ഏറീസ് മുതല്‍ ഇങ്ങ് നൈനാംവളപ്പു വരെയുള്ള കോടിക്കണക്കിന് വരുന്ന ആരാധകരുടെ പ്രതീക്ഷകളും മാത്രമല്ല, മെസ്സിയെന്ന വിഗ്രഹം കൂടിയാണ്.

ഇത് മുപ്പത് തികഞ്ഞ മെസ്സിയുടെ അവസാന ലോകകപ്പാണ് എന്നതില്‍ രണ്ടുപക്ഷമില്ല. റഷ്യ അവസാന ലോട്ടറിയാണ്. ഇവിടെ താന്‍ തന്നെയാണ് ഡീഗോ മാറഡോണയേക്കാള്‍ കേമനെന്ന് തെളിയിക്കാനുള്ള മെസ്സിയുടെ അവസാന ശ്രമത്തിനാണ് ഇക്വഡോറിലെ ജയം വാതില്‍ തുറന്നുകൊടുത്തത്. മെസ്സിയല്ലെങ്കില്‍ വേറാരാണ് അര്‍ജന്റീനയ്ക്കുവേണ്ടി ഒരു ലോകകപ്പ് നെഞ്ചേറ്റേണ്ടത്? മെസ്സിയുടെ കാലത്തല്ലാതെ പിന്നെയെപ്പോഴാണ് അര്‍ജന്റീന ഒരു ലോകകിരീടവുമായി മടങ്ങേണ്ടത്?

Lionel Messi Sarcasm
Photo: Twitter

ക്ലബ് ഫുട്ബോളിലെ നേട്ടങ്ങളില്‍ മാറഡോണയ്ക്ക് സ്വപ്നം കാണാനാവാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞവനാണ് മെസ്സി.  എട്ട് ലാ ലീഗ കിരീടം, നാല് ചാമ്പ്യന്‍സ് ലീഗ്, അഞ്ച് കോപ്പ ഡെല്‍ റെ എന്നിവയടക്കം മൊത്തം 29 കിരീടങ്ങള്‍ ഫിഫ ഫുട്ബോളര്‍ അവാര്‍ഡിന്റെ കാര്യത്തിലും കാതങ്ങള്‍ മുന്നിലാണ് അഞ്ചു തവണ ബാലണ്‍ദ്യോറില്‍ മുത്തമിട്ട മെസ്സി. ഇരുവര്‍ക്കും ഇടയിലുള്ള ആ വലിയ വിടവ് അര്‍ജന്റീനയ്ക്കുവേണ്ടിയുള്ള ഒരു അന്താരാഷ്ട്ര കിരീടം തന്നെയാണ്. അതു മെസ്സിക്കും അറിയാം മറ്റാരേക്കാളും നന്നായി.

കഴിഞ്ഞ തവണ ലോകകപ്പും കോപ്പ അമേരിക്കയും വിരല്‍ത്തുമ്പില്‍ നിന്നു വഴുതിപ്പോയപ്പോള്‍ ആ മോഹഭംഗം ശരിക്കും പ്രകടമായിരുന്നു മിശ്ശിഹയുടെ മുഖത്ത്. കോപ്പ ഫൈനലിനുശേഷമുള്ള വിരമിക്കല്‍ പ്രഖ്യാപനം പോലും അതിന്റെ അനന്തരഫലമാണ്. ഈയൊരൊറ്റ കാര്യത്തിനാണ് ലോകഫുട്ബോളിനെ സ്വന്തം മാന്ത്രികത കൊണ്ട് ഭ്രമിപ്പിച്ചിട്ടും ഇക്കണ്ട കല്ലേറ് മുഴുവന്‍ ഏറ്റുവാങ്ങേണ്ടിവന്നത്.

ഈ ടീമിനെയും കൊണ്ട് എട്ടു മാസത്തിനപ്പുറമുള്ള ലോകകപ്പില്‍ മെസ്സി കപ്പടിക്കുമെന്ന് പ്രവചിക്കുന്നത് വിഡ്ഢിത്തമാണെന്ന് അറിയാത്തതല്ല, പക്ഷേ, അങ്ങിനെയൊരു സാധ്യതയുടെ വാതില്‍ മെസ്സി തന്നെ തുറന്നിട്ടിരിക്കുകയാണ്. ഒന്നു പിഴച്ചാല്‍ എല്ലാം തകിടം മറിയുന്ന, ഒരുപക്ഷേ, ഒരു ലോകകപ്പ് ഫൈനലിനേക്കാള്‍ ഉദ്വേഗവും സമ്മര്‍ദവുമുള്ള ഒരു കളിയിലാണ് മെസ്സി ഈ മൂന്ന് ഗോളുകളും അടിച്ചുകൂട്ടിയത്. ഇതിലും ആധികാരികമായി മറ്റൊരു ജയം അര്‍ജന്റീന സ്വന്തമാക്കിയിട്ടില്ല ഈ യോഗ്യതാ റൗണ്ടില്‍.

Lionel Messi
Photo: AP

ഓക്‌സിജന്റെ അളവു കുറവായതു കാരണം ഇന്നേവെ ഇക്വഡോറല്ലാതെ മറ്റൊരു പരദേശി ടീമും ജയിച്ചിട്ടില്ലാത്ത സ്റ്റേഡിയിലായിരുന്നു ഈ മെസ്സി മാജിക്. തൊണ്ണൂറു മിനിറ്റ് കളി ഒന്നുകൂടി ഇഴകീറി പരിശോധിച്ചാല്‍ നമുക്ക് വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ഓരോ നീക്കത്തിലും, ഏഞ്ചല്‍ ഡി മരിയയിലേക്ക് നീണ്ട ഓരോ കണിശതയാര്‍ന്ന പാസിലും വ്യക്തമായ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. കാസിയാരി പറഞ്ഞതുപോലെ പന്തില്‍ മാത്രമായിരുന്നു ആ നോട്ടമത്രയും. മൂന്ന് ഡിഫന്‍ഡര്‍മാരെങ്കിലും ചുറ്റും മാര്‍ക്ക് ചെയ്യുമ്പോഴായിരുന്നു മെസ്സിയുടെ ഗോളുകള്‍ മൂന്നും പിറന്നത്. ബുധനാഴ്ച മെസ്സി കളിക്കാനിറങ്ങിയത് ഗോളടിക്കാനും ജയിക്കാനും മാത്രമായിരുന്നു. ജീവിതത്തില്‍ മെസ്സിക്ക് താത്പര്യമുള്ളതും അറിയാവുന്നുതുമായ ഒരേയൊരു കാര്യവും അതുതന്നെയാണല്ലോ.

മെസ്സിക്ക് രാജ്യത്തേക്കാള്‍ വലുത് ക്ലബാണെന്ന് കണക്കുകള്‍ നിരത്തി വാദിക്കുന്നവര്‍ മറുന്നുപോകുന്ന ഒരു വസ്തുതയുണ്ട്. ബാഴ്സയുടെ ട്രെയിനിങ് ക്യാമ്പില്‍ തന്റെ പ്രതിഭ തെളിയിക്കുന്ന കാലത്ത് മെസ്സിയെ സ്പെയിനിന്റെ അണ്ടര്‍ 17 ടീമില്‍ അംഗമാക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍. കണ്ണഞ്ചുന്ന ഈ ഓഫര്‍ തള്ളിക്കളഞ്ഞതില്‍ ഇന്നോളം പരിതിപിച്ചുകേട്ടിട്ടില്ല മെസ്സി.

അര്‍ജന്റീനാ ടീമില്‍ ഇന്ന് മെസ്സി മാത്രമല്ല താരം. ഗോണ്‍സാലോ ഹിഗ്വായ്നും ഏഞ്ചല്‍ ഡി മരിയയും ഡിബാളയും മഷരാനോയും അഗ്യുറോയുമെല്ലം മെസ്സിക്കൊപ്പം തന്നെ യൂറോപ്പില്‍ താരമൂല്ല്യമുള്ളവരാണ്. മെസ്സിയെ കൂടാതെ തന്നെ സ്പെയിനിലും ജര്‍മനിയിലും ഇംഗ്ലണ്ടിലുമെല്ലാം കളിച്ചു മികവ് തെളിയിച്ചവരുമാണ്. എന്നാല്‍, അര്‍ജന്റീനയുടെ കുപ്പായത്തില്‍ മെസ്സിയില്ലെങ്കില്‍ ഈ സൂപ്പര്‍താരങ്ങളെല്ലാം തനി സാധാരണക്കാരാവുന്നതാണ് ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ കാണിച്ചുതരുന്ന കാഴ്ച.

പരിക്ക്​മൂലം ഫിഫയുടെ അച്ചടക്ക നടപടിക്ക് വിധേനായും മെസ്സി വിട്ടുനിന്ന ഏഴു മത്സരങ്ങള്‍ തരും ദേശീയ ടീമിന് എത്ര പ്രധാനപ്പെട്ടതാണ് മെസ്സിയുടെ സാന്നിധ്യം എന്ന ചോദ്യത്തിനുള്ള ഉത്തരം. ഏഴു മത്സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് മുന്‍ ലോക ചാമ്പ്യന്മാര്‍ക്ക് ജയിക്കാനായത്. രണ്ടെണ്ണം തോറ്റു. മൂന്നെണ്ണം സമനിലയിലുമായി. മെസ്സി ഹാട്രിക് നേടിയ ഇക്വഡോറിനോട് സ്വന്തം മണ്ണില്‍ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്‍ക്കാനായിരുന്നു അര്‍ജന്റീനയുടെ വിധി. പാരഗ്വായാണ് മെസ്സിയില്ലാത്ത അര്‍ജന്റീനയെ തോല്‍പിച്ച മറ്റൊരു ടീം. ആകെ ജയിച്ചത് കൊളംബിയക്കെതിരെ മാത്രം. ബ്രസീലിനോടും വെനസ്വേലയോടും പെറുവിനോടും സമനില വഴങ്ങി. ആകെ അടിച്ചതാവട്ടെ ആറ് ഗോളും. ആകെയുള്ള 21 പോയിന്റില്‍ ടീമിന് നേടാനായത് ഏഴ് പോയിന്റ് മാത്രം.

അതേസമയം മെസ്സി കളിച്ച ആറ് കളികളില്‍ അഞ്ചെണ്ണം വിജയിച്ചു. തോല്‍വി അറിഞ്ഞത് ഒന്നില്‍ മാത്രം. ആകെയുള്ള പതിനെട്ടില്‍ 15 പോയിന്റ് നേടി. എല്ലാവരും മെസ്സിയെപ്പോലെ കളിച്ചാല്‍ ടീം ജയിക്കും എന്ന് ഇക്വഡോറിനെതിരായ മത്സരത്തിന് മുന്‍പ് കോച്ച് യോര്‍ഗെ സാംപോളി പറഞ്ഞത് വെറുതെയല്ല.

കോച്ചിന് മാത്രമല്ല, ലോകമെങ്ങുമുളള അര്‍ജന്റീനാ ആരാധകര്‍ക്കും ഈയൊരു വിശ്വാസം മാത്രമായിരുന്നു ആശ്രയം. ഇത് മാത്രമായിരുന്നു അവരുടെ വിശ്വാസം. പത്ത് വര്‍ഷമായി കണ്ടുകൊണ്ടിരിക്കുന്ന ഒരു സിനിമയുടെ അവസാനരംഗം എന്ന് 1986ലെ ലോകകപ്പ് നേടിയ മാറഡോണയുടെ ടീമില്‍ അംഗമായിരുന്ന സെര്‍ജിയോ ബറ്റിസ്റ്റ പരിഹസിച്ചിട്ടും അവര്‍ പ്രതീക്ഷ കൈവിടാതെ കാത്തിരുന്നത് മെസ്സിയിലുള്ള ഈയൊരൊറ്റ വിശ്വാസം കൊണ്ടാണ്.

Lionel Messi
Photo: Bleacher Report

തെറ്റാവുന്നതെല്ലാം പരമാവധി തെറ്റി, ചെയ്യാവുന്നതെല്ലാം ഏറ്റവും പിഴച്ച രീതിയില്‍ തന്നെ ചെയ്തു എന്നാണ് പ്രശസ്ത കളിയെഴുത്തുകാരനായ പാബ്ലോ വിഗ്നണ്‍ അര്‍ജന്‍ന്റീനയുടെ വര്‍ത്തമാനകാല അവസ്ഥയെ വിലയിരുത്തിയത്. പരിശീലകരെ മാറിമാറി പരീക്ഷിച്ചു. കളിക്കാരെയും ഫോര്‍മേഷനെയും മാറ്റിക്കൊണ്ടിരുന്നു. എന്നിട്ടും ജയം മാത്രം അകന്നുനിന്നു. കളിയില്‍ മാത്രമല്ല, കളിയുടെ നടത്തിപ്പിലും ആകെ കുത്തഴിഞ്ഞ അവതസ്ഥയിലായിരുന്നു അര്‍ജന്റീന.

സാമ്പത്തിക ബാധ്യതമൂലം വലയുകയാണ് ദേശീയ ഫുട്ബോള്‍ അസോസിയേഷന്‍. വേതനം നല്‍കാത്തതിനെ ചൊല്ലി കളിക്കാരും അസോസിയേഷനും തമ്മില്‍ പോരിലാണ്. സ്വന്തം ജീവനക്കാര്‍ക്ക് പോലും വേതനം നല്‍കാന്‍ പാടുപെടുകയാണ് അവർ. ദേശീയ ലീഗ് പോലും നേരാംവണ്ണം നടത്താന്‍ കഴിയാത്ത അവസ്ഥയാണിപ്പോൾ. ബാധ്യത തീർക്കാൻ ദേശീയ അസോസിയേഷന്‍ മെസ്സിയില്‍ നിന്ന് വായ്പയെടുക്കുന്നതു വരെയെത്തിയിരുന്നു കാര്യങ്ങള്‍. ഇക്കുറി റഷ്യയിലേയ്ക്ക് പോകാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ അത് അസോസിയേഷന്റെനെ സംബന്ധിച്ച് ഫൈനൽ വിസിലാകുമായിരുന്നു. ലോകകപ്പിൽ നിന്നുള്ള വരുമാനമാണ് ഇനി അവരുടെ ഖജനാവിന് മുന്നിൽ അവശേഷിക്കുന്ന ഏക പിടിവള്ളി.

ഇക്വഡോറിനെതിരെ അര്‍ജന്റീന നേടിയത് ഒരു വെറും ജയമല്ലാതാവുന്നതും മെസ്സി നേടിയ നാല്‍പത്തിനാലാം അന്താരാഷ്ട്ര ഹാട്രിക് മറ്റ് നാല്‍പത്തിമൂന്നെണ്ണത്തില്‍ നിന്നും വേറിട്ടതാവുന്നതും ഇതൊക്കെ കൊണ്ടാണ്. ഇങ്ങനെയൊക്കെ മരണത്തില്‍ നിന്ന് ജയിച്ചുകയറാന്‍, ആരാധകരെ ഇരുട്ടില്‍ നിന്ന് സ്വപ്നത്തിലേയ്ക്കെന്നോണം ഉണര്‍ത്താന്‍ ഒരുപക്ഷേ, മെസ്സിക്കും അര്‍ജന്റീനയ്ക്കും തന്നെയേ കഴിയൂ.

അതുകൊണ്ടൊക്കെ തന്നെയാവണം വെറും രണ്ട് ലോകകപ്പ് മാത്രം നേടിയിട്ടും സ്ഥിരതയില്ലായ്മ മുഖമുദ്രയാക്കിയിട്ടും അര്‍ജന്റീനയ്ക്ക് നാലു തവണ വീതം കപ്പടിച്ചിട്ടുള്ള ജര്‍മനിയേക്കാളും ഇറ്റലിയേക്കാളും ആരാധകരുള്ളത്. ടീമിന് ഒരു കിരീടം നേടിക്കൊടുക്കാന്‍ കഴിയാതിരുന്നിട്ടും മെസ്സിയെ ഇപ്പോഴും മിശിഹയായി വാഴ്ത്തുന്നതും.