ക്ഷിണ അമേരിക്കന്‍ യോഗ്യതാ കടമ്പ പിന്നിട്ട് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയതോടെ തന്റെ അഞ്ചാം ലോകകപ്പിനായി ഒരുങ്ങിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസ്സി. 

അര്‍ജന്റീനയടക്കം 13 രാജ്യങ്ങളാണ് ഖത്തര്‍ ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കിയത്. യൂറോപ്പില്‍ നിന്ന് ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, സ്പെയിന്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ് എന്നിവരും ദക്ഷിണ അമേരിക്കയില്‍ നിന്ന് ബ്രസീലും അര്‍ജന്റീനയുമാണ് യോഗ്യത നേടിയിരിക്കുന്നത്. അതിഥേയരായതിനാല്‍ തന്നെ ഖത്തര്‍ നേരിട്ട് യോഗ്യത ഉറപ്പാക്കിയിരുന്നു.

മെസ്സിക്ക് മുമ്പ് നാലു പേര്‍ മാത്രമാണ് അഞ്ചു ലോകകപ്പുകളില്‍ കളിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ രണ്ടുപേര്‍ ഗോള്‍കീപ്പര്‍മാരാണ്. ആദ്യത്തെയാണ് മെക്‌സിക്കന്‍ ഗോള്‍കീപ്പറായിരുന്ന അന്റോണിയോ ഫെലിക്‌സ് കാര്‍ബഹാലാണ്. 1955 മുതല്‍ 1966 വരെയുള്ള അഞ്ചു ലോകകപ്പുകളില്‍ അദ്ദേഹം മെക്‌സിക്കോയ്ക്കായി ഗോള്‍വല കാത്തു. രണ്ടാമത്തെ ഗോള്‍കീപ്പര്‍ ഇറ്റലിയുടെ ജിയാന്‍ലൂജി ബഫണാണ്. 1998 മുതല്‍ 2014 വരെ ലോകപ്പ് കളിച്ച ഇറ്റാലിയന്‍ ടീമില്‍ ബഫണ്‍ അംഗമായിരുന്നു. അഞ്ച് ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും 1998-ലെ തന്റെ ആദ്യ ലോകകപ്പില്‍ കാര്യമായ അവസരങ്ങളൊന്നും തന്നെ താരത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ 2006-ലെ തന്റെ മൂന്നാമത്തെ ലോകകപ്പില്‍ കിരീടം നേടാന്‍ അദ്ദേഹത്തിനായി. 

1982 മുതല്‍ 1998 വരെ തുടര്‍ച്ചയായി അഞ്ചു ലോകകപ്പുകളില്‍ കളിച്ച ജര്‍മനിയുടെ ലോഥര്‍ മത്തേവൂസാണ് ഈ നേട്ടത്തിലെത്തിയ രണ്ടാമത്തെ താരം. 1990-ല്‍ കിരീടം നേടിയ പശ്ചിമ ജര്‍മന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു ഇദ്ദേഹം. ലോകകപ്പ് ജയത്തിനു പിന്നാലെ 1991-ലെ ബാലണ്‍ദ്യോറും അദ്ദേഹത്തെ തേടിയെത്തി.

2002 മുതല്‍ 2018 വരെ തുടര്‍ച്ചയായി ലോകകപ്പുകളില്‍ കളിച്ച മെക്‌സിക്കോയുടെ തന്നെ റാഫേല്‍ മാര്‍ക്വസ് അല്‍വാരെസാണ് അഞ്ചു ലോകകപ്പുകളില്‍ കളിച്ച മൂന്നാമത്തെയാള്‍.

2006 മുതല്‍ 2018 വരെയുള്ള ലോകകപ്പുകളില്‍ അര്‍ജന്റീനയ്‌ക്കൊപ്പം മെസ്സിയുണ്ടായിരുന്നു. ഇതില്‍ അര്‍ജന്റീനയെ 2014 ലോകകപ്പിന്റെ ഫൈനലിലെത്തിക്കാന്‍ മെസ്സിക്കായിരുന്നു. പക്ഷേ ജര്‍മനിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. ഇപ്പോഴിതാ അടുത്ത വര്‍ഷം ഖത്തറിന്‍ തന്റെ അഞ്ചാം ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് താരം.

Content Highlights: lionel messi heading for his fifth world cup