ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസ്സി സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ കളിക്കില്ലെന്ന് അറിയിച്ച് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. മെസ്സിക്ക് അവധി അനുവദിച്ചതായി ക്ലബ്ബ് വ്യക്തമാക്കി.

ശനിയാഴ്ച ഐബറിനെതിരെയാണ് ബാഴ്‌സയുടെ സീസണിലെ അവസാന മത്സരം. വെള്ളിയാഴ്ച ടീമിനൊപ്പം മെസ്സി പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. നേരത്തെ തന്നെ ഈ സീസണിലെ കിരീട മോഹങ്ങള്‍ കൈവിട്ട ബാഴ്‌സയ്ക്ക് ഐബറിനെതിരായ മത്സരം അപ്രധാനമാണ്.

ഇതോടെ പ്രത്യേക അനുമതി വാങ്ങി താരം അര്‍ജന്റീനയിലേക്ക് തിരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് ആവശ്യത്തിന് വിശ്രമം ലഭിക്കാനാണ് താരം നേരത്തെ ക്ലബ്ബ് വിട്ടതെന്നാണ് വിവരം. 

ഈ സീസണോടെ മെസ്സിയും ബാഴ്‌സയുമായുള്ള കരാര്‍ അവസാനിക്കും. ഇതുവരെ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങളൊന്നും ഇരുഭാഗത്തുനിന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ മെസ്സിയെ ഇനി ബാഴ്‌സ കുപ്പായത്തില്‍ കാണാന്‍ സാധിക്കുമോ എന്ന സംശയത്തിലാണ് ആരാധകര്‍.

കഴിഞ്ഞ സീസണു പിന്നാലെ ക്ലബ്ബ് വിടാനൊരുങ്ങിയ മെസ്സി അതിനുള്ള സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ സീസണ്‍ കൂടി ടീമില്‍ തുടരുകയായിരുന്നു.

Content Highlights: Lionel Messi given early holiday could have played his last game for Barcelona