-
ബാഴ്സലോണ: ബാഴ്സലോണ ആരാധകര്‍ ഭയന്ന ആ ദിനം ഇതാ. എഫ്.സി. ബാഴ്സലോണയുമായുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന പൊക്കിള്‍ക്കൊടി ബന്ധം അറുത്തുമാറ്റാന്‍ ഒരുങ്ങുകയാണ് ലയണല്‍ മെസ്സി. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വാസ്തവമാണെങ്കില്‍ ബാഴ്സയ്ക്ക് ട്രാന്‍സ്ഫറിനുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞു അര്‍ജന്റൈന്‍ സൂപ്പര്‍താരം.
ഈ ഓഗസ്റ്റിനുശേഷം ക്ലബ് വിടാമെന്ന കരാറിലെ നിബന്ധന അനുസരിച്ചാണ് മെസ്സി ട്രാന്‍സ്ഫറിനുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്. മെസ്സിയുടെ അപേക്ഷ ലഭിച്ചയുടനെ ബാഴ്സ ക്ലബ് ഡയറക്ടര്‍മാര്‍ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
സീനിയര്‍ തലത്തില്‍ മറ്റൊരു ക്ലബിനുവേണ്ടിയും കളിച്ചിട്ടില്ലാത്ത മുപ്പത്തിമൂന്നു വയസ്സുകാരനായ മെസ്സി ബാഴ്സയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കും എന്നാണ് പൊതുവേയുണ്ടായിരുന്ന വിശ്വാസം. മെസ്സി തന്നെ ഇക്കാര്യം പലവട്ടം ആവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍, യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ നാണംകെട്ട തോല്‍വിയാണ് മെസ്സിയുടെ മനസ്സ് മാറ്റിയതെന്ന് കരുതുന്നു. ബയേണിനോട് രണ്ടിനെതിരേ എട്ടു ഗോളിന് തോറ്റ് കൃത്യം പതിനൊന്ന് ദിവസം കഴിഞ്ഞാണ് മെസ്സി ക്ലബ് വിടാനുള്ള സന്നദ്ധത പരസ്യമാക്കിയത്. മെസ്സിയുടെയും ബാഴ്സയുടെയും ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വിയായിരുന്നു ഇത്. പോരാത്തതിന് ഈ വര്‍ഷം ഒരൊറ്റ കിരീടം പോലും സ്വന്തമാക്കാനും ബാഴ്സയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ തോല്‍വിക്കുശേഷം ബാഴ്സ ക്വിക്കെ സെറ്റിയനെ മാറ്റി റോണാള്‍ഡ് കോമനെ പരിശീലകനായി നിയമിച്ചിരുന്നു. മുന്‍ ബാഴ്സ താരം കൂടിയായ കോമന് ചുമതലയേറ്റ് ഒരാഴ്ചയ്ക്കുള്ളിലാണ് മെസ്സി ക്ലബ് വിടുന്നത്. മെസ്സിയെ ബാഴ്സയില്‍ നിലനിര്‍ത്താന്‍ കോമന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ബാഴ്സ വിടുന്ന മെസ്സി ഏത് ക്ലബിലേയ്ക്ക് ചേക്കേറുമെന്ന് ഔദ്യോഗികമായി അറിവില്ല. എങ്കിലും മുന്‍ ബാഴ്സ പരിശീലകന് പെപ്പ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റിയിലേയ്ക്കാണ് മെസ്സിയുടെ കൂടുമാറ്റം എന്ന അഭ്യൂഹം ശക്തമാണ്.
എന്നാല്‍, ബാഴ്സ മെസ്സിയുടെ ആവശ്യം പരിഗണിക്കുമോ എന്ന കാര്യം സംശയമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സീസണില്‍ മെസ്സിക്ക് ക്ലബ് വിടാമെന്ന നിബന്ധനയുള്ള കരാര്‍ ഇക്കഴിഞ്ഞ ജൂണില്‍ അവസാനിച്ചുവെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കിലും വലിയ നിയമപ്രശ്നത്തിനാണ് ഇത് വഴിവയ്ക്കുക.
കനത്ത തോല്‍വിയും കിരീടവരള്‍ച്ചയും മാത്രമായിരുന്നില്ല ഈ സീസണില്‍ ബാഴ്സയില്‍ മെസ്സിയുടെ പ്രശ്നങ്ങള്‍. മുന്‍ സ്പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലുമായി അത്ര സ്വരച്ചേര്‍ച്ചയിലായിരുന്നില്ല മെസ്സി. പോരാത്തിന് അത്ലറ്റിക്കോയില് നിന്ന് വന്‍ തുകയ്ക്ക് ബാഴ്സയിലെത്തിയ ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മനുമായും അത്ര നല്ല ബന്ധമായിരുന്നില്ല മെസ്സിക്കുണ്ടായിരുന്നത്. ഇതൊക്കെയാണ് ബാഴ്സയുടെ മോശപ്പെട്ട പ്രകടനത്തില്‍ നിഴലിട്ടതെന്ന് പരക്കേ ആക്ഷേപമുണ്ട്.
2001ല്‍ ബാഴ്സയുടെ യൂത്ത് ക്ലബില്‍ കളിച്ചുതുടങ്ങിയതാണ് മെസ്സി. 2003ല്‍ സി ടീമിലും 2004 മുതല്‍ 2005 വരെ ബി ടീമിലും കളിച്ചു. 2004ലാണ് ഒന്നാം നിര ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. 485 കളികളില്‍ നിന്ന് 444 ഗോളുകള്‍. ഇതിനിടെ ആറ് ബാലണ്‍ദ്യോറും ആറ് യൂറോപ്പ്യന്‍ ഗോള്‍ഡന്‍ ഷൂസും. പത്ത് ലാലീഗയും നാല് ചാമ്പ്യന്‍സ് ലീഗും ആറ് കോപ്പ ഡെല്‍ റെയും ഉള്‍പ്പടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്സയുടെ അലമാരയിലെത്തിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..