വലന്‍സിയ: ലാ ലിഗയില്‍ കിരീടപ്പോരാട്ടം മുറുകുന്നു. ഒടുവില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ വിജയം. വലന്‍സിയയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ബാഴ്‌സ കീഴടക്കിയത്.

ബാഴ്‌സയ്ക്കായി സൂപ്പര്‍താരം ലയണല്‍ മെസ്സി ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ മൂന്നാം ഗോള്‍ സ്വന്തമാക്കി. 

വലന്‍സിയയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ 50-ാം മിനിറ്റിൽ ആതിഥേയരാണ് ലീഡെടുത്തത്. ഗബ്രിയേല്‍ പൗളിസ്റ്റ വലന്‍സിയയ്ക്കായി ആദ്യ ഗോള്‍ നേടി. എന്നാല്‍ ഏഴു മിനിറ്റുകള്‍ക്ക് ശേഷം മെസ്സി ബാഴ്‌സയ്ക്കായി സമനില ഗോള്‍ നേടി. 

63-ാം മിനിറ്റിൽ ഗോള്‍ നേടി ഗ്രീസ്മാന്‍ ബാഴ്‌സയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചു. 69-ാം മിനിറ്റിൽ വീണ്ടും സ്‌കോര്‍ ചെയ്ത് മെസ്സി സ്‌കോര്‍ 3-1 എന്ന നിലയിലാക്കി. സമനിലയ്ക്ക് വേണ്ടി ആഞ്ഞുശ്രമിച്ച വലന്‍സിയയുടെ ആക്രമണങ്ങള്‍ക്ക് ഒടുവില്‍ 83-ാം മിനിറ്റിൽ ഫലം കണ്ടു. കാര്‍ലോസ് സോളെറിലൂടെ ടീം രണ്ടാം ഗോള്‍ നേടി. പക്ഷേ സമനില നേടാന്‍ വലന്‍സിയയ്ക്ക് സാധിച്ചില്ല. ഇതോടെ 3-2 എന്ന സ്‌കോറിന് മെസ്സിയും സംഘവും വിജയിച്ചു.

ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ടീം മൂന്നാം സ്ഥാനത്ത് തുടരുന്നു. 34 മത്സരങ്ങളില്‍ നിന്നും 74 പോയന്റാണ് ബാഴ്‌സയ്ക്കുള്ളത്. ഇതേ പോയന്റുള്ള റയല്‍ മഡ്രിഡ് ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 76 പോയന്റുള്ള അത്‌ലറ്റിക്കോ മഡ്രിഡാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 

Content Highlights: Lionel Messi double leads Barcelona to nail-biting win over Valencia