ബാഴ്സലോണ: ബാഴ്സലോണയുമായുള്ള കരാർ തർക്കത്തിൽ പരിഹാരമാകാതെ ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ ലയണൽ മെസ്സിക്ക് ഫിഫയുടെ നിരോധനം നേരിടേണ്ടിവരുമെന്ന് റിപ്പോർട്ട്.

ഇത്തവണത്തെ ട്രാൻസ്‌ഫർ വിൻഡോയിൽ ക്ലബ്ബ് വിടാൻ അനുവദിക്കണമെന്നാണ് മെസ്സി ബാഴ്സ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കരാറിലെ ഒരു വ്യവസ്ഥ സംബന്ധിച്ച് മെസ്സിയും ക്ലബ്ബും തമ്മിൽ നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ട്.

2017-ൽ പുതുക്കിയ കരാർ പ്രകാരം മെസ്സിക്ക് ബാഴ്സയുമായി 2021 ജൂൺ വരെ കരാറുണ്ട്. എന്നാൽ ഒരു സീസണിന്റെ അവസാനം ക്ലബ്ബ് വിടാൻ മെസ്സിക്ക് അവകാശമുണ്ടെന്ന വ്യവസ്ഥയോടെയായിരുന്നു ഈ കരാർ. ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് മെസ്സി ഇപ്പോൾ ക്ലബ്ബ് വിടാൻ താത്‌പര്യമറിയിച്ച് കത്തയച്ചിരിക്കുന്നത്.

പക്ഷേ ഇത്തരത്തിൽ മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ അദ്ദേഹം അതിനായി ജൂൺ 10-ന് മുമ്പേ അറിയിക്കണമായിരുന്നുവെന്നും ജൂൺ പത്തോടെ ഈ കരാർ വ്യവസ്ഥ അവസാനിച്ചെന്നുമാണ് ബാഴ്സയുടെ നിലപാട്. ഇതു പ്രകാരം 2021 ജൂൺ വരെയുള്ള കരാർ റദ്ദാക്കി മെസ്സിക്ക് ക്ലബ്ബ് വിടണമെങ്കിൽ അദ്ദേഹം 700 ദശലക്ഷം യൂറോ (ഏകദേശം 6150 കോടിയോളം രൂപ) നൽകേണ്ടി വരുമെന്നാണ് ക്ലബ്ബിന്റെ നിലപാട്.

അതിനാൽ തന്നെ ബാഴ്സയുമായുള്ള കരാർ അവസാനിക്കും മുമ്പ് ഏതെങ്കിലും ക്ലബ്ബിന് മെസ്സിയെ സ്വന്തമാക്കണമെങ്കിൽ ഈ വലിയ തുക ബാഴ്സയ്ക്ക് നൽകേണ്ടതായി വരും. ക്ലബ്ബ് വിടണമെങ്കിൽ ജൂൺ 10-ന് മുമ്പേ അറിയിക്കണമായിരുന്നുവെന്ന ക്ലബ്ബിന്റെ നിലപാടിനെതിരേ മെസ്സിയുടെ മറുവാദവുമുണ്ട്.

കോവിഡ്-19 രോഗവ്യാപനം കാരണം സീസൺ നീട്ടിയതിനാൽ ജൂൺ 10 എന്ന തീയതി കണക്കാക്കാൻ സാധിക്കില്ലെന്നാണ് താരത്തിന്റെ നിയമോപദേശകരുടെ വാദം. ഈ ഓഗസ്റ്റിലാണ് സീസൺ അവസാനിച്ചതെന്നും നിയമോപദേശകർ ചൂണ്ടിക്കാട്ടുന്നു.

ഇക്കാരണത്താൽ തന്നെ ബാഴ്സലോണയുമായുള്ള കരാർ പ്രശ്നം പരിഹരിക്കാതെ മറ്റ് ഏതെങ്കിലും ക്ലബ്ബിൽ ചേരാൻ മെസ്സി തയ്യാറായാൽ അത് ഭാവിയിൽ താരത്തിനും ആ ക്ലബ്ബിനും തലവേദനയാകും.

കാരണം പിന്നീട് ഈ വിഷയം ഫിഫയുടെ തർക്ക പരിഹാര സമിതിക്ക് മുന്നിലാകും വരിക. മെസ്സി അർജന്റീന താരമായതിനാൽ തന്നെ ഫിഫ നിയമങ്ങൾ ബാധകമാകും. ബാഴ്സലോണയുടെ വാദത്തിനാണോ അതോ മെസ്സിയുടെ വാദത്തിനാണോ ഇവിടെ നിയമസാധുത ലഭിക്കുക എന്നത് അനുസരിച്ചിരിക്കും തുടർന്നുള്ള നടപടികൾ. ക്ലബ്ബിന്റെ വാദത്തിന് നിയമസാധുത ലഭിച്ചാൽ താരത്തിന് ഫിഫയുടെ വിലക്ക് വരെ ലഭിക്കാൻ സാധ്യതയുണ്ട്.

Content Highlights:Lionel Messi could risk facing the FIFA ban over contract dispute with Barcelona