ബാഴ്സലോണ: ഫുട്ബോൾ ആരാധകരെല്ലാം ഒരു ഉത്തരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ ലയണൽ മെസ്സി തുടരുമോ എന്നതാണ് ആ ഉത്തരത്തിനുള്ള ചോദ്യം. ബാഴ്സയുമായുള്ള മെസ്സിയുടെ കരാർ ഇന്ന് അവസാനിക്കും. കഴിഞ്ഞ സീസണിൽ ബാഴ്സ വിടാനുള്ള താത്‌പര്യം പ്രകടിപ്പിച്ച മെസ്സി പിന്നീട് ക്ലബ്ബുമായി പുതിയർ കരാറിൽ ഒപ്പുവെച്ചിട്ടില്ല.

രണ്ട് വർഷത്തെ കരാറിൽ ബാഴ്സയുമായി മെസ്സി ധാരണയിലെത്തുമെന്നും ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. മുൻ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യുവുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ബാഴ്സ വിടാനൊരുങ്ങിയ മെസ്സി പുതിയ പ്രസിഡന്റ് ജോൻ ലാപോർട്ടയിൽ തൃപ്തനാണെന്നും അതിനാൽ ബാഴ്സയിൽ തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിൽ കളിക്കാൻ അർജന്റീന ടീമിനൊപ്പം ഇപ്പോൾ ബ്രസീലിലുള്ള മെസ്സി ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

മെസ്സിയുടെ ചിരകാലസുഹൃത്തായ മുൻ മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ കൂടി അടുത്ത സീസണിൽ ബാഴ്സയിൽ കളിക്കാൻ കരാറൊപ്പിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ മെസ്സി ബാഴ്സ വിടില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രതിവാരം ഏകദേശം ആറു കോടി രൂപയാണ് മെസ്സിക്ക് ബാഴ്സ നൽകുന്ന പ്രതിഫലം. 13-ാം വയസ്സിൽ ബാഴ്സയുടെ ഫുട്ബോൾ നഴ്സറി ആയ ലാ മാസിയയിൽ കരിയർ തുടങ്ങിയ മെസ്സിയുടെ ഹൃദയം പോലെയാണ് ന്യൂകാംപ് സ്റ്റേഡിയം.

Content Highlights: Lionel Messi Contract Saga Goes to the Wire, but Barcelona Still Optimistic