ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസ്സിയുമായിപുതിയ കരാറൊപ്പിടുന്നതു വൈകുന്നതിലെ കാരണം വ്യക്തമാക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ പ്രസിഡന്റ് ജോൻ ലാപോർട്ട. മെസ്സിയുമായി പുതിയ കരാർ ധാരണയായിട്ടുണ്ടെന്നും ലാ ലിഗയുടെ സാമ്പത്തിക നടപടിക്രമങ്ങളുടെ ഭാഗമായാണ് കരാർ പ്രാബല്യത്തിൽ വരാത്തതെന്നും ലാപോർട്ട വ്യക്തമാക്കി.

മെസ്സിയുമായുള്ള ബാഴ്സയുടെ കരാർ ബുധനാഴ്ച്ച അവസാനിച്ചിരുന്നു. ഇതോടെ താരം ഒരു ക്ലബ്ബുമായും കരാറില്ലാത്ത ഫ്രീ ഏജന്റായി മാറുകയും ചെയ്തു. 2000 സെപ്റ്റബംറിൽ 13ാം വയസ്സിൽ ബാഴ്സയുടെ ഫുട്ബോൾ നഴ്സറി ആയ ലാ മാസിയയിൽ കരിയർ തുടങ്ങിയ മെസ്സി ഫ്രീ ഏജന്റ് ആകുന്നത് ആദ്യമായാണ്.

'ബാഴ്സയിൽ തുടരാൻ മെസ്സി ആഗ്രഹിക്കുന്നു. അദ്ദേഹത്തെ നിലനിർത്താൻ ഞങ്ങളും ആഗ്രഹിക്കുന്നു. അതിനായുള്ള ആത്മാർഥ ശ്രമങ്ങൾ തുടരുകയാണ്. അദ്ദേഹം ടീമിൽ തുടരുമെന്നു തന്നെയാണ് ഞങ്ങൾ കരുതുന്നത്. അദ്ദേഹത്തിനായി ഏറ്റവും മികച്ച ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ.' ലാപോർട്ട കൂട്ടിച്ചേർത്തു.

Content Highlights: Lionel Messi contract negotiations going well says Barcelona president Joan Laporta