ബ്യൂണസ് ഏറീസ്: മെസ്സീ, നിനക്ക് പോകാന്‍ സമയമായിട്ടില്ല. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം റഷ്യയില്‍ വിരുന്നെത്തുന്ന വിശ്വമാമാങ്കത്തില്‍ നീയില്ലെയെങ്കില്‍ മൈതാനത്തിന്റെ പകുതി ഭാഗം ശൂന്യമായത് പോലെയാകും. അര്‍ജന്റീനയുടെ ആരാധകര്‍ ആര്‍ക്കു വേണ്ടി ആര്‍പ്പു വിളിക്കും? നീ തന്നെ ഉത്തരം പറയേണ്ട ചോദ്യമാണിത്. മെസ്സി അര്‍ജന്റീനയുടെ കുപ്പായത്തില്‍ കളി മതിയാക്കുമ്പോള്‍ ആരാധകരുടെ ആശങ്ക അവസാനിക്കുന്നില്ല.

അവര്‍ നിരന്തരം ചോദ്യങ്ങള്‍ ചോദിച്ച് അതിനോട് കലഹിക്കുകയാണ്. അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മാറഡോണ മുതല്‍ പ്രസിഡന്റ് മൗറീസ്യൊ മക്രി വരെ ഇക്കൂട്ടത്തിലുണ്ട്. ഇരുവരും മെസ്സിയോട് തീരുമാനം മാറ്റി ടീമിലേക്ക് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. ടീമിന്റെ പ്രകടനത്തില്‍ അഭിമാനിക്കുന്നുവെന്നും വിമര്‍ശകരുടെ അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടെന്നും മെസ്സിയെ ഫോണില്‍ വിളിച്ച മക്രി അറിയിച്ചു.

മെസ്സി അര്‍ജന്റീന ടീമില്‍ തന്നെ നില്‍ക്കണം. ഒരങ്കത്തിനുള്ള ബാല്യം മെസ്സിക്ക് ഇനിയും ബാക്കിയുണ്ട്.  ഈ ഫോമില്‍ തന്നെ റഷ്യയില്‍ കളിച്ചിട്ട് അവന്‍ ലോകകപ്പ് നേടണം. അര്‍ജന്റീനന്‍ ദേശീയ മാധ്യനത്തിന് നല്‍കിയ അഭിമുഖത്തില്‍ മാറഡോണ പറഞ്ഞു. അര്‍ജന്റീനയുടെ കിരീട വരള്‍ച്ചയില്‍ മാറഡോണ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ കുറ്റപ്പെടുത്തുകയും ചെയ്തു. ചിലിയോടേറ്റ തോല്‍വിയില്‍ മെസ്സിയെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.

അസോസിയേഷന്‍ വേണ്ടത്ര പിന്തുണ മെസ്സിക്ക് നല്‍കിയിട്ടില്ല. അര്‍ജന്റീനന്‍ ഫുട്‌ബോളിന് സംഭവിച്ച തകര്‍ച്ച മറച്ചുപിടിക്കാന്‍ വേണ്ടിയാണ് മെസ്സിയെ അസോസിയേഷന്‍ മറയാക്കുന്നതെന്നും മാറഡോണ കുറ്റപ്പെടുത്തി.  തിങ്കളാഴ്ച്ച ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഫുട്‌ബോള്‍ അസോസിയേഷനിലെ ആസ്ഥാനത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിച്ചിരുന്നു.