ബാഴ്‌സലോണ: രണ്ടാം പകുതിയില്‍ കളത്തിലിറങ്ങി മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ റയല്‍ ബെറ്റിസിനെ തകര്‍ത്ത് ബാഴ്‌സലോണ.

ലാ ലിഗയില്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ വിജയം. 

22-ാം മിനിറ്റില്‍ ഓസുമാനെ ഡെംബെലെയിലൂടെ ബാഴ്‌സ മുന്നിലെത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് അന്റോണിയോ സനാബ്രിയയിലൂടെ ബെറ്റിസ് ഒപ്പമെത്തി. 

ഇതോടെ രണ്ടാം പകുതിയില്‍ കോച്ച് കോമാന്‍ അന്‍സു ഫാത്തിയെ പിന്‍വലിച്ച് മെസ്സിയെ ഇറക്കി. 49-ാം മിനിറ്റില്‍ മെസ്സിയുടെ തന്ത്രത്തിലൂടെ ഗ്രീസ്മാന്‍ ബാഴ്‌സയെ വീണ്ടും മുന്നിലെത്തിച്ചു. 60-ാം മിനിറ്റില്‍ ബെറ്റിസ് താരം ഐസ മന്‍ഡി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ബെറ്റിസ് പ്രതിരോധത്തിലായി. ഈ ഫൗലിന് ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് മെസ്സി ബാഴ്‌സയുടെ ലീഡുയര്‍ത്തി. 

എന്നാല്‍ 73-ാം മിനിറ്റില്‍ ഗാര്‍സിയയിലൂടെ ബെറ്റിസ് തങ്ങളുടെ രണ്ടാം ഗോളും കണ്ടെത്തി. എന്നാല്‍ 82-ാം മിനിറ്റില്‍ മെസ്സി വീണ്ടും സ്‌കോര്‍ ചെയ്തു. 90-ാം മിനിറ്റില്‍ പെഡ്രി ബാഴ്‌സയുടെ ഗോള്‍ പട്ടിക തികച്ചു.

ജയത്തോടെ ഏഴു മത്സരങ്ങളില്‍ നിന്ന് 11 പോയന്റുമായി എട്ടാം സ്ഥാനത്താണ് ബാഴ്‌സ.

Content Highlights: Lionel Messi came off the bench to score two goals Barcelona beat Real Betis