ബ്യൂണസ് ഐറിസ്: ബൊളീവിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ഹാട്രിക്ക് നേട്ടത്തോടെ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ഗോള്‍ റെക്കോഡ് മറികടന്ന് ലയണല്‍ മെസ്സി.

രാജ്യാന്തര കരിയറിലെ പെലെയുടെ 77 ഗോളുകളെന്ന നേട്ടമാണ് മെസ്സി മറികടന്നത്. രാജ്യാന്തര കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ദക്ഷിണ അമേരിക്കന്‍ താരമെന്ന നേട്ടവും ഇതോടെ പെലെയെ മറികടന്ന് മെസ്സി സ്വന്തമാക്കി. 

14-ാം മിനിറ്റിലെ ഗോളില്‍ പെലെയുടെ 77 രാജ്യാന്തര ഗോളുകളെന്ന നേട്ടത്തിനൊപ്പമെത്തിയ മെസ്സി 64-ാം മിനിറ്റിലെ ഗോളില്‍ അദ്ദേഹത്തെ മറികടന്നു. പിന്നീട് 87-ാം മിനിറ്റില്‍ ഹാട്രിക്ക് തികച്ച മെസ്സി 153 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് തന്റെ ഗോള്‍ നേട്ടം 79 ആക്കി. 

മെസ്സിയുടെ ഹാട്രിക്ക് മികവില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി മെസ്സിയുടെ ഏഴാം ഹാട്രിക്കാണിത്. 

രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടക്കാരില്‍ നിലവില്‍ ആറാം സ്ഥാനത്താണ് മെസ്സി. 180 മത്സരങ്ങളില്‍ നിന്ന് 111 ഗോളുകളോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാമത്.

26 ഗോളുകളുമായി ദക്ഷിണ അമേരിക്കയില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന നേട്ടം ലൂയിസ് സുവാരസിനെ മറികടന്ന് മെസ്സി സ്വന്തമാക്കുകയും ചെയ്തു.

Content Highlights: Lionel Messi breaks Pele s South American goal-scoring record with hat-trick