മാഡ്രിഡ്: ലാ ലിഗ കിരീടം കൈവിട്ടെങ്കിലും ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്കിത് റെക്കോഡുകളുടെ സീസണായിരുന്നു.

2019-20 ലാ ലിഗ സീസണ്‍ അവസാനിച്ചപ്പോള്‍ ലീഗിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള പിച്ചിച്ചി പുരസ്‌കാരം ലയണല്‍ മെസ്സിക്കാണ്. കഴിഞ്ഞ ദിവസം അലാവസിനെതിരേ നടന്ന അവസാന ലീഗ് മത്സരത്തില്‍ രണ്ടു ഗോളടിച്ചതോടെ ലാ ലിഗയില്‍ ഈ സീസണിലെ മെസ്സിയുടെ ഗോള്‍ നേട്ടം 25 ആയി. 33 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. 21 ഗോളുകളുമായി റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സേമയാണ് രണ്ടാമത്.

തുടര്‍ച്ചയായ നാലാം തവണയാണ് ലീഗിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് മെസ്സി സ്വന്തമാക്കുന്നത്. ലാ ലിഗ കരിയറില്‍ മെസ്സിയുടെ ഏഴാം ഗോള്‍ഡന്‍ ബൂട്ട് നേട്ടമാണിത്. ഇതോടെ ലാ ലിഗയില്‍ ഏറ്റവും കൂടുതല്‍ പിച്ചിച്ചി പുരസ്‌കാരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. മുന്‍ അത്‌ലറ്റിക്കോ ബില്‍ബാവോ താരം ടെല്‍മോ സാറയയുടെ (6) നേട്ടമാണ് മെസ്സി മറികടന്നത്.

ഇതോടൊപ്പം 21 അസിസ്റ്റുകളുമായി ലാ ലിഗയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകളെന്ന റെക്കോഡും മെസ്സി സ്വന്തമാക്കി. ബാഴ്‌സയിലെ സഹതാരമായിരുന്ന ഷാവി ഹെര്‍ണാണ്ടസ് 2008-09 സീസണില്‍ നേടിയ 20 അസിസ്റ്റുകളെന്ന റെക്കോഡാണ് മെസ്സി ഈ സീസണില്‍ മറികടന്നത്.

Content Highlights: Lionel Messi breaks La Liga records with seventh Pichichi award