ബാഴ്‌സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുമായി രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ബന്ധം ലയണല്‍ മെസ്സി അവസാനിപ്പിച്ചിരിക്കുകയാണ്.

ക്ലബ്ബില്‍ നിന്നുള്ള മെസ്സിയുടെ യാത്രയയപ്പ് ചടങ്ങ് ഞായറാഴ്ചയായിരുന്നു. ക്ലബ്ബ് വിടുന്നത് ഔദ്യോഗികമായി അറിയിക്കുന്നതിനായി പ്രത്യേകം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കണ്ണീരണിഞ്ഞാണ് മെസ്സി സംസാരിച്ചത്.

ഇപ്പോഴിതാ ബാഴ്‌സ വിട്ട മെസ്സി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയിലേക്കാണ് പോകുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മെസ്സിയുമായി കരാര്‍ പുതുക്കുന്നില്ലെന്ന് ബാഴ്‌സ അറിയിച്ചതിനു പിന്നാലെ താരത്തിനായി ഫ്രഞ്ച് ക്ലബ്ബ് രംഗത്തുണ്ടായിരുന്നു. 

വൈകാതെ മെഡിക്കല്‍ പരിശോധനകള്‍ക്കും മറ്റുമായി മെസ്സി പാരീസിലേക്ക് പോകുമെന്ന് ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷത്തെ കരാറാണ് ക്ലബ്ബ് ഓഫര്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തിനിടെ ഇനി പി.എസ്.ജിയിലേക്കാണെന്ന് മെസ്സി ഉറപ്പിച്ചു പറഞ്ഞില്ലെങ്കിലും, അത് ഒരു സാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 

ക്ലബ്ബിലെത്തിയതു മുതല്‍ കളിച്ച അവസാന ദിവസം വരെ തന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നെങ്കിലും ഇവിടെനിന്ന് പോകണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലെന്നും മെസ്സി പറഞ്ഞു. ഇവിടെ തുടരാന്‍ താന്‍ സാധ്യമായതെല്ലാം ചെയ്തതാണ്. പക്ഷേ ക്ലബ്ബിന് ലാ ലിഗ നിയമങ്ങള്‍ കാരണം ഒന്നും ചെയ്യാനായില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlights: Lionel Messi bids goodbye to Barcelona sources say PSG deal agreed