ഗുരുഗ്രാം: ഫുട്‌ബോളിലെ പുതിയ താരങ്ങള്‍ക്ക് ലയണല്‍ മെസ്സിയേയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും മറികടക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് മുന്‍ അര്‍ജന്റീന താരം ജാവിയര്‍ സാവിയോള.

കരിയറില്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്കായും റയലിനായും കളിച്ച ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് സാവിയോള. ഇതിനാല്‍ തന്നെ ലോകത്തെ മികച്ച ഫുട്‌ബോള്‍ താരം ആരാണെന്ന കാര്യത്തില്‍ സാവിയോളയ്ക്ക് സംശയമേതുമില്ല. ലയണല്‍ മെസ്സിയാണ് എന്തുകൊണ്ടും റൊണാള്‍ഡോയേക്കാള്‍ മികച്ച താരമെന്നാണ് സാവിയോളയുടെ അഭിപ്രായം. 

'' എന്റെ അഭിപ്രായത്തില്‍ എന്തുകൊണ്ടും ക്രിസ്റ്റ്യാനോയ്ക്കും മുകളിലാണ് മെസ്സിയുടെ സ്ഥാനം. ഫുട്‌ബോള്‍ എങ്ങനെ കളിക്കണമെന്നാണോ ഞാന്‍ വിചാരിക്കുന്നത് അത്തരത്തില്‍ കളിക്കുന്ന താരമാണ് മെസ്സി. ക്രിസ്റ്റിയാനോ മികച്ച കളിക്കാരന്‍ തന്നെയാണ്. എന്നാല്‍ താന്‍ എന്തുകൊണ്ട് ലോകത്തിലെ മികച്ച കൡക്കാരനാകുന്നു എന്നത് മെസ്സി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പ്രകടനം കൊണ്ട് തെളിയിച്ചുകൊണ്ടിരിക്കുകയാണ്'', സാവിയോള വ്യക്തമാക്കി.

ബാഴ്‌സലോണ ലെജന്റ്‌സ് ടീമിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സാവിയോള ഗുരുഗ്രാമിലെ എഫ്.സി ബാഴ്‌സലോണ അക്കാഡമിയിലെ കുട്ടികളോട് സംവദിക്കുന്നതിനിടെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

2016-ല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച സാവിയോള ഇപ്പോള്‍ ആന്‍ഡൊറാന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഓര്‍ഡിനോയുടെ സഹപരിശീലകനാണ്.

Content Highlights: lionel messi best in the world right now not cristiano ronaldo saviola