മാഡ്രിഡ്: ലാ ലിഗ ഈ സീണിലെ ശേഷിക്കുന്ന മത്സരങ്ങൾ ജൂണിൽ പുനരാരംഭിക്കാനിരിക്കേ ബാഴ്സലോണയിലെ സൂപ്പർ താരങ്ങൾ ടീമിൽ തിരിച്ചെത്തി. പരിശീലനത്തിനും കൊറോണ വൈറസ് ടെസ്റ്റിനുമായാണ് താരങ്ങൾ ട്രെയ്നിങ് ഗ്രൗണ്ടിൽ എത്തിയത്. ലണയൽ മെസ്സി അടക്കമുള്ള താരങ്ങൾ ഗ്ലൗസും മാസ്കും ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ ബാഴ്സലോണ ട്വീറ്റ് ചെയ്തു. ഈ ആഴ്ച്ച തന്നെ താരങ്ങളുടെ കൊറോണ ടെസ്റ്റ് നടക്കും.

രണ്ടു മാസത്തെ ഇടവേളക്കുശേഷമാണ് താരങ്ങൾ വീണ്ടും കളിക്കളത്തിലെത്തുന്നത്. ബാഴ്സലോണ ഗോൾകീപ്പർ ആന്ദ്രെ ടർസ്റ്റീഗൻ, സെർജി റോബർട്ടൊ, ഇവാൻ റാക്കിറ്റിച്ച് എന്നിവരാണ് ആദ്യം എത്തിയത്. തൊട്ടുപിന്നാലെ ഫ്രെങ്കി ഡി ജോങ്, നെൽസൺ സെമെദൊ, ആർതുർ, മാർട്ടിൻബ്രാത് വെയ്റ്റും ഗ്രൗണ്ടിലെത്തി. തുടർന്ന് ലയണൽ മെസ്സിയും ലൂയി സുവാരസും അന്റോയ്ൻ ഗ്രീസ്മാനും വന്നു. ഈ ചിത്രങ്ങൾ നിരവധി ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

മാർച്ച് 12-ന് ശേഷം ലാ ലിഗയിൽ മത്സരങ്ങൾ നടന്നിട്ടില്ല. 11 റൗണ്ടുകളാണ് ഇനി ശേഷിക്കുന്നത്. നിലവിൽ 27 മത്സരങ്ങളിൽ 58 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാമത്. 56 പോയിന്റുമായി റയൽ മാഡ്രിഡ് തൊട്ടുപിന്നിലുണ്ട്. 47 പോയിന്റുള്ള സെവിയ്യയാണ് മൂന്നാമത്.

സ്പെയ്നിൽ ഇതുവരെ കോവിഡ്-19 ബാധിച്ച് 25,857 ആളുകളാണ് മരിച്ചത്. 220000 പേർക്ക് രോഗം സ്ഥിരീകരിച്ചു. 126000 പേർ രോഗമുക്തരായി. മാഡ്രിഡിൽ 8466 പേരും കാറ്റലോണിയയിൽ 5345 പേരുമാണ് മരിച്ചത്.

Content Highlights: Lionel Messi Barcelona La Liga Corona Virus