ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്ക സംഘാടര്‍ക്കെതിരേ ഒത്തുകളി ആരോപണം ഉന്നയിച്ച ലയണല്‍ മെസ്സിക്ക് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് മൂന്ന് മാസത്തേക്ക് വിലക്ക്. ഒപ്പം 50000 ഡോളര്‍ പിഴയും അടക്കണം. ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആണ് വിലക്കേര്‍പ്പെടുത്തിയത്. ഏഴ് ദിവസത്തിനുള്ളില്‍ മെസ്സിക്ക് അപ്പീല്‍ നല്‍കാം.

ഇനി നവംബര്‍ മൂന്നിന് മാത്രമേ മെസ്സിക്ക് കളിക്കളത്തില്‍ തിരിച്ചെത്താനാകൂ. ഇതോടെ സെബ്റ്റംബര്‍ അഞ്ചിന് ചിലിക്കും പത്തിന് മെക്‌സിക്കോയ്ക്കും ഒക്ടോബര്‍ ഒമ്പതിന് ജര്‍മനിക്കും എതിരായ സൗഹൃദ മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമാകും. കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കാനുള്ള ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയതിനാല്‍ ഒരു ലോകകപ്പ് യോഗ്യതാ മത്സരവും മെസ്സിക്ക് നഷ്ടമാകും. 

ചിലിക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് ആദ്യ പകുതിക്ക് മുമ്പെ മെസ്സി കളം വിട്ടു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചുവപ്പ് കാര്‍ഡ് കാണിക്കേണ്ട ഫൗള്‍ മെസ്സിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇതു റീപ്ലേകളില്‍ വ്യക്തമായി. 

മത്സരത്തിന് ശേഷം റഫറിയിങ്ങിനെതിരേ കടുത്ത വിമര്‍ശനവുമായി മെസ്സി രംഗത്തെത്തുകയായിരുന്നു. കോണ്‍മെബോള്‍ അഴിമതിയുടെ കേന്ദ്രമാണെന്നും ബ്രസീലിന് കിരീടം ലഭിക്കാനുള്ള നാടകങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും മെസ്സി ആരോപിച്ചു. ഇതോടെ മെസ്സിക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു.

Content Highlights: Lionel Messi banned from international football for three months