ലുക്വെ (പരാഗ്വെ):  കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കാണിച്ച റഫറിയുടെ നടപടിയേയും സംഘാടകരേയും വിമര്‍ശിച്ച അര്‍ജന്റീനാ താരം ലയണല്‍ മെസ്സിക്ക് വിലക്കും പിഴ ശിക്ഷയും. ഒരു മത്സരത്തിലെ വിലക്കിനൊപ്പം മെസ്സി ഒരു ലക്ഷം രൂപ പിഴയുമൊടുക്കണം. 

സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (കോണ്‍മെബോള്‍) ആണ് ശിക്ഷ വിധിച്ചത്. മെസ്സിയുടെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോണ്‍മെബോള്‍ മെസ്സിക്ക് അപ്പീലിന് അവസരമില്ലെന്നും ചൂണ്ടിക്കാട്ടി.

അങ്ങനെയെങ്കില്‍ 2022 ലോകകപ്പിനുള്ള അര്‍ജന്റീനയുടെ ആദ്യ യോഗ്യതാ മത്സരത്തില്‍ മെസ്സിക്ക് കളിക്കാനാകില്ല. ചിലിക്കെതിരായ മത്സരത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചുവപ്പ് കാര്‍ഡ് കണ്ട് ആദ്യ പകുതിക്ക് മുമ്പെ മെസ്സി കളം വിട്ടു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചുവപ്പ് കാര്‍ഡ് കാണിക്കേണ്ട ഫൗള്‍ മെസ്സിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ഇതു റീപ്ലേകളില്‍ വ്യക്തമായി. 

മത്സരത്തിന് ശേഷം റഫറിയിങ്ങിനെതിരേ കടുത്ത വിമര്‍ശനവുമായി മെസ്സി രംഗത്തെത്തുകയായിരുന്നു. കോണ്‍മെബോള്‍ അഴിമതിയുടെ കേന്ദ്രമാണെന്നും ബ്രസീലിന് കിരീടം ലഭിക്കാനുള്ള നാടകങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും മെസ്സി ആരോപിച്ചു. ഇതോടെ മെസ്സിക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പായിരുന്നു.

Content Highlights: Lionel Messi banned for one game and fined for red card against Chile in Copa America