പാരിസ്: ഇത്തവണത്തെ ബാലണ്‍ദ്യോര്‍ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കാനുള്ള 30 അംഗ അന്തിമ പട്ടിക ഫ്രാന്‍സ് ഫുട്‌ബോള്‍ മാസിക പ്രഖ്യാപിച്ചു. 

ആറു തവണ പുരസ്‌കാരം നേടിയ പി.എസ്.ജിയുടെ അര്‍ജന്റീന താരം ലയണല്‍ മെസ്സി, അഞ്ചു തവണ ജേതാവായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പുരസ്‌കാര പട്ടികയിലുണ്ട്. 

കിലിയന്‍ എംബാപ്പെ, നെയ്മര്‍, കരീം ബെന്‍സേമ, എന്‍ഗോളോ കാന്റെ എന്നിവരും പുരസ്‌കാരത്തിനായുള്ള പോരാട്ടത്തില്‍ മുന്നിലുണ്ട്. ചെല്‍സിയുടെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലും ഇറ്റലിയുടെ യൂറോ കപ്പ് വിജയത്തിലും നിര്‍ണായക പങ്കുവഹിച്ച മിഡ്ഫീല്‍ഡര്‍ ജോര്‍ജിന്യോയും ബാലണ്‍ദ്യോറിനായി മത്സരിക്കും.

കഴിഞ്ഞ സീസണില്‍ 41 ഗോളുകളുമായി തിളങ്ങിയ ബയേണ്‍ മ്യൂണിക്ക് താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും ബൊറൂസ്സിയ ഡോര്‍ട്ട്മുണ്‍ഡിന്റെ എര്‍ലിങ് ഹാളണ്ടും പട്ടികയില്‍ ഇടം പിടിച്ചു.

കോവിഡ് കാരണം കഴിഞ്ഞ വര്‍ഷം പുരസ്‌കാരമുണ്ടായിരുന്നില്ല. പാരിസില്‍ നവംബര്‍ 29-നാണ് പുരസ്‌കാര പ്രഖ്യാപനം. 

Content Highlights: Lionel Messi And Cristiano Ronaldo included Ballon d'Or final list