ബാഴ്‌സലോണ: സൂപ്പര്‍ താരം ലയണല്‍ മെസ്സിയും 17-കാരന്‍ അന്‍സു ഫാത്തിയും ഗോള്‍ നേടിയ മത്സരത്തില്‍ ലീഗില്‍ അവസാന സ്ഥാനക്കാരായ ലെഗനസിനെ തകര്‍ത്ത് ബാഴ്‌സലോണ. സ്വന്തം മൈതാനമായ ന്യൂ ക്യാമ്പില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് വമ്പന്മാരുടെ ജയം.

43-ാം മിനിറ്റില്‍ ഫാത്തിയുടെ ഗോളില്‍ ലീഡെടുത്ത ബാഴ്‌സ 69-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച മെസ്സിയുടെ മികവില്‍ രണ്ടാം ഗോളും സ്വന്തമാക്കി. 29 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 64 പോയന്റുമായി ബാഴ്‌സ ഒന്നാമതെത്തി. രണ്ടാമതുള്ള റയലിന് 28 മത്സസരങ്ങളില്‍ നിന്ന് 59 പോയന്റാണുള്ളത്.

പെനാല്‍റ്റി ഗോളോടെ മെസ്സി 700 കരിയര്‍ ഗോളുകളെന്ന റെക്കോഡിന് തൊട്ടടുത്തെത്തി. ദേശീയ ടീമിനും ക്ലബ്ബിനുമായുള്ള മെസ്സിയുടെ ഗോള്‍ നേട്ടം 699 ആയി. അതേസമയം മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ മോശമായി പെരുമാറിയ ലെഗനസ് കോച്ച് ഹാവിയര്‍ അഗ്വിറെയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചു.

ലീഗിലെ മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളിന് മയ്യോര്‍ക്കയെ തോല്‍പ്പിച്ചു. ഗെറ്റാഫെ - എസ്പാന്യോള്‍ മത്സരം ഗോള്‍രഹിത സമനിലയായി.

Content Highlights: Lionel Messi and Ansu Fati scores as Barcelona stay on top in la liga