മെസ്സി മുൻപ് നടത്തിയ ഒരു സൗദി സന്ദർശനത്തിനിടെ | Photo: AFP
റിയാദ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലെ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയും സൗദി ലീഗിലേക്കെന്ന് റിപ്പോര്‍ട്ട്. മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അല്‍ ഹിലാലുമായി കരാറിലെത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്ലബ്ബോ താരമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അടുത്തിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്രചെയ്തതിന് മെസ്സിയെ അദ്ദേഹത്തിന്റെ നിലവിലെ ക്ലബ്ബായ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പിന്നാലെ ഈ വിഷയത്തില്‍ ക്ലബ്ബിനോടും താരങ്ങളോടും ഖേദം പ്രകടിപ്പിച്ച മെസ്സി, ആറ് ദിവസങ്ങള്‍ക്ക് ശേഷം പരിശീലന സെഷനില്‍ മടങ്ങിയെത്തുകയും ചെയ്തു. എങ്കിലും ഈ സംഭവം താരവും ക്ലബ്ബും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വര്‍ഷം ജൂണ്‍ വരെയാണ് മെസ്സിക്ക് പിഎസ്ജിയുമായി കരാറുള്ളത്.
റെക്കോഡ് ഓഫറുമായി അല്‍ ഹിലാല്‍
സീസണിനൊടുവില്‍ മെസ്സി പിഎസ്ജി വിടുമെന്ന് ഉറപ്പായതോടെ താരത്തിന് റെക്കോഡ് പ്രതിഫലം വാഗ്ദാനം ചെയ്ത് സൗദി ക്ലബ്ബ് അല്‍ ഹിലാല്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 3270 കോടി രൂപ വാര്‍ഷികപ്രതിഫല വാഗ്ദാനമാണ് ക്ലബ്ബ് നല്‍കിയത്. കരാര്‍ നടന്നാല്‍ ഫുട്ബോള്‍ചരിത്രത്തില്‍ പുതിയ റെക്കോഡ് പിറക്കും. ഇതിന്റെ പകുതി തുകയ്ക്ക് പോര്‍ച്ചുഗല്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബ്ബ് അല്‍ നസ്ര്‍ സ്വന്തമാക്കിയതാണ് നിലവിലെ റെക്കോഡ്.
മെസ്സി ഫ്രഞ്ച് ക്ലബ്ബില്‍ അടുത്ത സീസണില്‍ തുടരില്ലെന്ന് പിതാവും ഏജന്റുമായ യോര്‍ഗെ വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് അല്‍ ഹിലാല്‍ ക്ലബ്ബ് രംഗത്തുവന്നത്. സൗദി ഭരണകൂടത്തിന്റെ പിന്തുണയും നീക്കത്തിനുപിന്നിലുണ്ട്. സൗദിയുടെ ടൂറിസം അംബാസഡറാണ് മെസ്സി. ഈ നിലയിലാണ് താരം അടുത്തിടെ സൗദി സന്ദര്‍ശിച്ചത്. സൗദി ലീഗില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസ്ര്‍ ക്ലബ്ബിന്റെ ചിരവൈരികളാണ് അല്‍ ഹിലാല്‍.
കരാര്‍ പുതുക്കാന്‍ പിഎസ്ജി
ഈ സീസണോടെ മെസ്സി പിഎസ്ജി വിടുമെന്നും മെസ്സിയുമായി കരാര്‍ പുതുക്കാന്‍ ക്ലബ്ബിന് പദ്ധതിയില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെ കഴിഞ്ഞ ദിവസം പിഎസ്ജി മെസ്സിയുമായുള്ള കരാര്‍ പുതുക്കാന്‍ തീരുമാനിച്ചതായി ബ്രിട്ടീഷ് മാധ്യമമായ ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മെസ്സിക്കായി മികച്ച ഓഫര്‍ തന്നെയാണ് ക്ലബ്ബ് മുന്നോട്ടുവെയ്ക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
അടുത്തിടെ മെസ്സിയും പിഎസ്ജി ആരാധകരും തമ്മില്‍ അത്ര നല്ല ബന്ധത്തിലായിരുന്നില്ല. സൂപ്പര്‍ താരനിര ഉണ്ടായിട്ടും ലീഗ് വണ്ണില്‍ ക്ലബ്ബിന്റെ തുടര്‍തോല്‍വികള്‍ ആരാധകരെ ചൊടിപ്പിച്ചിരുന്നു. പലപ്പോഴും പിഎസ്ജി ആരാധകര്‍ മെസ്സിയെ കൂക്കിവിളിക്കുന്നതിനും സ്റ്റേഡിയം സാക്ഷിയായിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്രചെയ്തതിന് മെസ്സിക്ക് ഏര്‍പ്പെടുത്തിയ സസ്പെന്‍ഷന്‍. ഇത് ക്ലബ്ബും താരവും തമ്മിലുള്ള ബന്ധം വഷളാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളെയെല്ലാം തള്ളുന്നതാണ് ദ ടൈംസിന്റെ റിപ്പോര്‍ട്ട്.
മെസ്സിക്കായി ബാഴ്‌സയും
അതേസമയം മെസ്സിയെ ക്യാമ്പ് നൗവിലെത്തിക്കാന്‍ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ പരസ്യമായി തന്നെ രംഗത്തുണ്ട്. ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് റാഫേല്‍ യുസ്തെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്പാനിഷ് ലീഗിന്റെ സാമ്പത്തിക നിയന്ത്രണങ്ങളും ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധിയും ഇക്കാര്യത്തില്‍ ബാഴ്സയ്ക്ക് തിരിച്ചടിയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ ബാഴ്സ ഒരു വഴികണ്ടെത്തിയതായി സ്പാനിഷ് മാധ്യമം മുണ്‍ഡോ ഡിപോര്‍ട്ടിവോ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെസ്സിയെ തിരികെയെത്തിക്കാനുള്ള തുക കണ്ടെത്തുന്നതിനായി ബാഴ്സലോണ തങ്ങളുടെ മിഡ്ഫീല്‍ഡര്‍ ഫ്രാങ്കി ഡിയോങ്ങിനോട് വേതനം വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടാനൊരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
ഈ വിഷയത്തില്‍ ലാ ലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസും പ്രതികരിച്ചിരുന്നു. പുതിയ സൈനിങ്ങുകള്‍ നടത്തുന്നതിനായി ബാഴ്സലോണ ഏകദേശം 200 ദശലക്ഷം യൂറോ ലാഭിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് ഇനിയും സമയമുണ്ട്, പക്ഷേ മെസ്സിയെ ടീമിലെത്തിക്കണമെങ്കില്‍ ബാഴ്സയ്ക്ക് അതിനായി കളിക്കാരെ വില്‍ക്കുകയും വേതനം വെട്ടിക്കുറയ്ക്കുകയും വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പണം കണ്ടെത്തുന്നതിനായാണ് ഇപ്പോള്‍ ക്ലബ്ബ് ഡിയോങ്ങിനോട് വേതനം വെട്ടിക്കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കൊരുങ്ങുന്നത്.
Content Highlights: Lionel Messi all set to leave psg and play football in Saudi Arabia report
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..