പാരീസ്: ദിവസങ്ങള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ വിട്ട സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയില്‍ കളിക്കും. 

ഫ്രഞ്ച് ക്ലബ്ബിന്റെ ഓഫര്‍ മെസ്സി അംഗീകരിച്ചതായി സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ബിബിസിയുടെ സ്‌പോര്‍ട് കോളമിസ്റ്റും സ്പാനിഷ് ജേര്‍ണലിസ്റ്റുമായ ഗില്ലെം ബലാഗും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 

2024 വരെ രണ്ടു വര്‍ഷത്തെ കരാറാണ് പി.എസ്.ജി മെസ്സിക്ക് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സീസണില്‍ 35 ദശലക്ഷം യൂറോയാണ് പ്രതിഫലമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പി.എസ്.ജിയോ മെസ്സിയോ സ്ഥിരീകരിച്ചിട്ടില്ല. 

ബാഴ്‌സയ്ക്കായി 778 മത്സരങ്ങള്‍ കളിച്ച മെസ്സി 672 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. 35 ട്രോഫികളാണ് താരം ബാഴ്‌സയ്‌ക്കൊപ്പം സ്വന്തമാക്കിയത്. 

വൈകാതെ മെസ്സി മെഡിക്കല്‍ പരിശോധനകള്‍ക്കും മറ്റുമായി പാരീസിലെത്തിയേക്കും. മെസ്സി വിമാനമിറങ്ങുന്നത് കാണാന്‍ പാരീസിലെ ലെ ബൊര്‍ഗെറ്റ് വിമാനത്താവളത്തിന് പുറത്ത് ആരാധകര്‍ കാത്തിരിക്കുകയാണ്.

എണ്ണപ്പണത്തിന്റെ കിലുക്കവുമായി ഖത്തര്‍ ഉടമകളായ ക്യു.എസ്.ഐ പി.എസ്.ജിയെ ഏറ്റെടുത്ത ശേഷം ക്ലബ്ബിലേക്ക് വരുന്ന ഏറ്റവും വലിയ താരമാകും മെസ്സി. ഇതോടെ മെസ്സി-എംബാപ്പെ-നെയ്മര്‍ ത്രയം ലോകമെമ്പാടുമുള്ള പ്രതിരോധ നിരകള്‍ക്ക് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.

Content Highlights: Lionel Messi agrees Paris St-Germain deal