ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്ന മെസ്സി | Photo: AP
ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്ബോള്‍ കിരീടം തന്നെ മാടിവിളിച്ചെന്ന് അര്‍ജന്റീനാ സൂപ്പര്‍താരം ലയണല്‍ മെസ്സി. അര്‍ജന്റീനയിലെ ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി തന്റെ ലോകകപ്പ് അനുഭവങ്ങളും ഫൈനല്‍ നിമിഷങ്ങളും പങ്കുവെച്ചത്. ഖത്തര്‍ ലോകകപ്പില്‍ നാടകീയമായ നിമിഷങ്ങള്‍ക്കൊടുവിലാണ് ഷൂട്ടൗട്ടില്‍ മെസ്സിയും സംഘവും ഫ്രാന്‍സിനെ തോല്‍പ്പിച്ച് കിരീടത്തില്‍ മുത്തമിട്ടത്.
''അതിമനോഹരമായ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ വിശ്വകിരീടം മിന്നിത്തിളങ്ങുന്നത് ഞാന്‍ കണ്ടു. ഫൈനലിനെത്തിയ എന്നെ ലോകകപ്പ് ട്രോഫി മാടിവിളിച്ച് പറഞ്ഞു, വന്നെടുത്തോളൂവെന്ന്. ഇപ്പോള്‍ നിങ്ങള്‍ക്ക് എന്നെ തൊടാമെന്നും. കിരീടത്തിനരികെയെത്തിയപ്പോള്‍ സ്നേഹത്തോടെ മുത്തമിടാന്‍ ഞാന്‍ മടിച്ചില്ല.'' -മെസ്സി പറഞ്ഞു.
2014-ല്‍ ജര്‍മനിയോട് ഫൈനലില്‍ തോറ്റാണ് അര്‍ജന്റീന മടങ്ങിയത്. അന്ന് ലോകകപ്പ് കിരീടത്തിനരികിലൂടെ ദുഃഖത്തോടെ മെസ്സി ഗ്രൗണ്ടില്‍നിന്ന് മടങ്ങുന്ന ചിത്രം ഫുട്ബോള്‍ പ്രേമികളുടെ നൊമ്പരമായിരുന്നു. പിന്നീട് 2018-ലും ലോകകപ്പിനെത്തിയെങ്കിലും കിരീടം അകലെനിന്നു. തന്റെ അഞ്ചാമത്തെയും അവസാനത്തെയും ലോകകപ്പിലാണ് മെസ്സി കിരീടംചൂടിയത്. ''എത്രയോ ഫൈനല്‍തോല്‍വികള്‍ക്കും വലിയ കഷ്ടപ്പാടുകള്‍ക്കും ശേഷം ദൈവം ലോകകപ്പ് ട്രോഫി എനിക്കായി കാത്തുസൂക്ഷിച്ചിരിക്കുകയായിരുന്നു. ആ കിരീടം ഡീഗോ മാറഡോണയുടെ കരങ്ങളാല്‍ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അര്‍ജന്റീന ലോകജേതാക്കളായത് അദ്ദേഹം കാണുന്നുണ്ടാകും. അദ്ദേഹമാണ് എനിക്ക് ശക്തിപകര്‍ന്നത്'' -മെസ്സി പറയുന്നു. ദേശീയ ടീമിനൊപ്പവും ബാഴ്സലോണയ്‌ക്കൊപ്പവും തനിക്ക് എല്ലാം നേടാന്‍ കഴിഞ്ഞെന്നും മെസ്സി പറഞ്ഞു.
Content Highlights: lionel messi about world cup title
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..