പാരിസ്: കളിതുടങ്ങി പത്താം മിനിറ്റില്‍ തന്നെ സൂപ്പര്‍താരം നെയ്മര്‍ ഗോള്‍ നേടിയ മത്സരത്തില്‍ ഫ്രഞ്ച് ലീഗിലെ പുതിയ സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ പി.എസ്.ജിക്ക് വിജയത്തുടക്കം. കെയ്‌നെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പി.എസ്.ജി തകര്‍ത്തുവിട്ടത്.

ലോകകപ്പിനു ശേഷം സൂപ്പര്‍താരങ്ങളായ എഡിന്‍സണ്‍ കവാനിയും കിലിയന്‍ എംബപ്പെയും ഇല്ലാതെയാണ് തോമസ് ടുച്ചെല്‍ ഞായറാഴ്ച ടീമിനെ ഇറക്കിയത്. ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസില്‍ നിന്ന് ഈ സീസണില്‍ ടീമിലെത്തിയ ഗോള്‍കീപ്പര്‍ ജിയാന്‍ല്യൂജി ബഫണിന്, ടുച്ചെല്‍ ആദ്യ ഇലവനില്‍ അവസരം നല്‍കി. ഉനായ് എംറിക്കു പകരമാണ് പുതിയ സീസണില്‍ ടുച്ചെല്‍ പി.എസ്.ജിയുടെ പരിശീലകനായെത്തിയത്. 

നെയ്മറിനു പിന്നാലെ 35-ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട്ടും 89-ാം മിനിറ്റില്‍ തിമോത്തി വിയയും പി.എസ്.ജിക്കായി സ്‌കോര്‍ ചെയ്തു. പി.എസ്.ജിക്കായി വിയയുടെ ആദ്യ ഗോളാണിത്.

ആറു മാസത്തോളം നീണ്ട ഇടവേളയ്ക്കുശേഷമാണ് പി.എസ്.ജിക്കായി നെയ്മര്‍ കളത്തിലിറങ്ങുന്നത്. ആറുമാസങ്ങള്‍ക്കു മുന്‍പ് മാഴ്‌സലെയ്‌ക്കെതിരായ മത്സരത്തില്‍ നെയ്മര്‍ക്ക് കാല്‍പാദത്തിന് പരിക്കേറ്റത് ഇതേ മൈതാനത്തുവെച്ചായിരുന്നു.

Content Highlights: ligue 1, psg, neymar