Photo: AFP
റിയോ ഡി ജനെയ്‌റോ: സ്പാനിഷ് ലീഗ് മത്സരത്തിനിടെ കാണികളില്‍ നിന്ന് വംശീയാധിക്ഷേപത്തിന് ഇരയായ ബ്രസീലിന്റെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബ്രസീല്‍. തിങ്കളാഴ്ച റിയോ ഡി ജനെയ്‌റോയിലെ വിഖ്യാതമായ പ്രതിമ ക്രൈസ്റ്റ് ദ റെഡീമെറിലെ വെളിച്ചം ഒരു മണിക്കൂര്‍ നേരത്തേക്ക് അണച്ചാണ് ബ്രസീലിയന്‍ ജനത വിനീഷ്യസിന് പിന്തുണ അറിയിച്ചത്. റിയോ ഡി ജനെയ്‌റോ നഗരത്തിന്റെയും ബ്രസീലിന്റെയും പ്രതീകമായി അറിയപ്പെടുന്ന ശില്‍പ്പമാണിത്.
വൈകീട്ട് ആറു മണി മുതല്‍ ഒരു മണിക്കൂര്‍ നേരത്തേക്കാണ് ശില്‍പ്പത്തിലെ വെളിച്ചം അണച്ചത്. വംശീയതയ്‌ക്കെതിരേ നിലപാടെടുത്ത തന്റെ രാജ്യത്തിന്റെ തീരുമാനത്തിന് വിനീഷ്യസ് നന്ദി അറിയിക്കുകയും ചെയ്തു.
അതേസമയം വിനീഷ്യസിനെ അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 18-നും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മൂന്ന് പേരും. ചൊവ്വാഴ്ചയായിരുന്നു അറസ്റ്റ്. ഇക്കഴിഞ്ഞ ജനുവരിയില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലന മൈതാനത്തിന് അടുത്തുള്ള പാലത്തില്‍ വിനീഷ്യസിന്റെ ഡമ്മി തൂക്കിലേറ്റിയ തരത്തില്‍ കണ്ടെത്തിയ സംഭവത്തിലും നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഞായറാഴ്ച ലാ ലിഗയില്‍ റയല്‍ മാഡ്രിഡും വലന്‍സിയയും തമ്മില്‍ വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് വംശീയാധിക്ഷേപത്തിന് ഇരയായത്. മത്സരത്തിനായി ടീം ബസ് സ്റ്റേഡിയത്തില്‍ എത്തിയതു മുതല്‍ വലന്‍സിയ ആരാധക കൂട്ടം വിനീഷ്യസിനെ കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കാന്‍ തുടങ്ങിയിരുന്നു. വലന്‍സിയയുടെ ഔദ്യോഗിക ആരാധക കൂട്ടായ്മ മുഴുവനായും ഈ മോശം പെരുമാറ്റത്തില്‍ പങ്കുചേര്‍ന്നിരുന്നു.
മൈതാനത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വിനീഷ്യസിന്റെ കാലില്‍ പന്ത് കിട്ടുമ്പോഴെല്ലാം സ്റ്റേഡിയത്തില്‍ കുരങ്ങ് വിളികള്‍ ഉയര്‍ന്നു. അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകര്‍ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തില്‍ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
Content Highlights: lights on Christ the Redeemer were turned off show support for Vinicius Junior by Brazil
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..