വാര്‍സോ: 2022 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന പോളണ്ടിന് തിരിച്ചടി. സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയ്ക്ക് പരിക്കേറ്റതോടെ പോളണ്ടിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുള്ള പോളണ്ട് ടീമില്‍ നിന്നും ലെവന്‍ഡോവ്‌സ്‌കിയെ ഒഴിവാക്കിയിട്ടുണ്ട്. അന്‍ഡോറയ്‌ക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് കാല്‍മുട്ടിന് പരിക്കേറ്റത്. മത്സരത്തില്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ ലെവന്‍ഡോവ്‌സികിയുടെ പ്രകടന മികവില്‍ അന്‍ഡോറയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പോളണ്ട് കീഴടക്കിയിരുന്നു.

വലത്തേ കാല്‍മുട്ടിലെ ലിഗമെന്റിനാണ് താരത്തിന് പരിക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചുമുതല്‍ 10 ദിവസം വരെ ലെവന്‍ഡോവ്‌സ്‌കിയ്ക്ക് വിശ്രമം അനുവദിച്ചേക്കും. ഇതോടെ ബയേണ്‍ മ്യൂണിക്കിനായുള്ള മത്സരങ്ങളും താരത്തിന് നഷ്ടമായേക്കും.

ഏപ്രില്‍ ഒന്നിനാണ് പോളണ്ട് ഇംഗ്ലണ്ടിനെ നേരിടുന്നത്. ഗ്രൂപ്പ് ഐ യില്‍ നിലവില്‍ ഇംഗ്ലണ്ടാണ് ഒന്നാമത്. പോളണ്ട് രണ്ടാം സ്ഥാനത്താണ്. 

Content Highlights: Lewandowski to miss World Cup qualifier against England due to injury