ബാഴ്‌സലോണ: ഇരട്ട ഗോളുകളുമായി തിളങ്ങിയ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ കരുത്തില്‍ ലാ ലിഗയില്‍ അലാവെസിനെ കീഴടക്കി ബാഴ്‌സലോണ. ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. 

ബാഴ്‌സയുടെ തട്ടകമായ നൗകാമ്പില്‍ നടന്ന മത്സരത്തില്‍ മെസ്സിയ്ക്ക് പുറമേ യുവതാരം ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ ഇരട്ട ഗോളുകള്‍ നേടി. ട്രിന്‍കാവോയിലൂടെ 29-ാം മിനിട്ടില്‍ ബാഴ്‌സ മുന്നിലെത്തി. ആദ്യപകുതിയുടെ ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ലീഡ് രണ്ടാക്കി.

രണ്ടാം പകുതിയില്‍ 57-ാം മിനിട്ടില്‍ അലാവെസിന് വേണ്ടി ലൂയിസ് റിയോഹ ലക്ഷ്യം കണ്ടെങ്കിലും ബാഴ്‌സയെ തളയ്ക്കാനായില്ല. 74-ാം മിനിട്ടില്‍ ട്രിന്‍കാവോ തന്റെ രണ്ടാം ഗോള്‍ നേടി. തൊട്ടടുത്ത മിനിട്ടില്‍ ഒരു തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ മെസ്സി ടീമിനായി നാലാം ഗോള്‍ നേടി. 80-ാം മിനിട്ടില്‍ ജൂനിയര്‍ ഫിര്‍പ്പോ ബാഴ്‌സയുടെ ഗോള്‍നേട്ടം അഞ്ചാക്കി.

ഈ വിജയത്തോടെ ചിരവൈരികളായ റയല്‍ മഡ്രിഡിനെ മറികടന്ന് ബാഴ്‌സ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. 22 മത്സരങ്ങളില്‍ നിന്നും 46 പോയന്റാണ് ബാഴ്‌സയ്ക്കുള്ളത്. റയലിനും ഇതേ പോയന്റാണെങ്കിലും ഗോള്‍വ്യത്യാസത്തില്‍ ബാഴ്‌സ മുന്നില്‍ നില്‍ക്കുന്നു. 21 മത്സരങ്ങളില്‍ നിന്നും 54 പോയന്റുകള്‍ നേടിയ അത്‌ലറ്റിക്കോ മഡ്രിഡാണ് പട്ടികയില്‍ ഒന്നാമത്. ബാഴ്‌സയുടെ അടുത്ത മത്സരം ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ പി.എസ്.ജിയ്‌ക്കെതിരെയാണ്.

അത്‌ലറ്റിക്കോ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ഗ്രനാഡയെ കീഴടക്കി. അത്‌ലറ്റിക്കോയ്ക്ക് വേണ്ടി മാര്‍ക്കോസും കോറിയയും സ്‌കോര്‍ ചെയ്തപ്പോള്‍ ഹെരേര ഗ്രനാഡയുടെ ആശ്വാസ ഗോള്‍ നേടി.

Content Highlights: Lethal Lionel Messi leads FC Barcelona to thumping 5-1 win over Alaves