ട്യൂറിന്‍: യുവന്റസിന്റെ സൂപ്പര്‍താരം ലിയണാര്‍ഡോ ബൊനൂച്ചിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇറ്റലിയുടെ ദേശീയ ഫുട്‌ബോള്‍ ടീം അംഗം കൂടിയായ താരം വീട്ടില്‍ ഐസൊലേഷനില്‍ പ്രവേശിച്ചു.

ഇറ്റാലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീമില്‍ ചേരുന്നതിന് മുന്‍പ് നടത്തിയ ടെസ്റ്റിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. മത്സരത്തില്‍ ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലിത്വാനിയയെ കീഴടക്കി.

എന്നാല്‍ മത്സരത്തിനുശേഷം ടീമിലെ നാല് സ്റ്റാഫുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുവന്റസിന്റെ സെന്റര്‍ ബാക്കായ ബൊനൂച്ചിയുടെ നഷ്ടം ടീമിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ യുവന്റസിനുള്ള ഏക പ്രതീക്ഷ ഇറ്റാലിയന്‍ സീരി എ കിരീടമാണ്. എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരുടെ സ്ഥിതി അത്ര മികച്ചതല്ല. നിലവില്‍ പോയന്റ് പട്ടികയില്‍ ടീം മൂന്നാമതാണ്. ഇന്റര്‍മിലാനാണ് പട്ടികയില്‍ ഒന്നാമത്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ യുവന്റസിന് കിരീടം നിലനിര്‍ത്താനാകൂ.

Content Highlights: Leonardo Bonucci tests positive for coronavirus