ബ്യൂണസ് ഏറീസ്: റിയോ ഒളിംപിക്‌സില്‍ അര്‍ജന്റീനയെ നയിക്കാന്‍ ലയണല്‍ മെസ്സി ഉണ്ടാവില്ല. തിരക്കിട്ട ഷെഡ്യൂളിനിടെ ഒളിംപിക്‌സില്‍ കൂടി കളിപ്പിക്കുന്നത് മെസ്സിയെ നശിപ്പിക്കുന്നതിന് തുല്ല്യമാണെന്ന് അര്‍ജന്റീനയുടെ പരിശീലകന്‍ ഗെരാര്‍ഡോ മാര്‍ട്ടിനോ പറഞ്ഞു.

ഒളിംപിക്‌സില്‍ നിന്ന് വിട്ടു നിന്നാല്‍ മാത്രമേ മെസ്സിയെ ഈ വര്‍ഷം ജൂണില്‍ അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റിലും തുടര്‍ന്ന് ആരംഭിക്കുന്ന ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിലും കളിപ്പിക്കാന്‍ കഴിയുകയുള്ളൂവെന്നും മാര്‍ട്ടിനോ പറഞ്ഞു. ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിന് മെസ്സി പൂര്‍ണമായും ഫിറ്റാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ക്ലബുകള്‍ക്കുവേണ്ടിയുള്ള കളി കഴിഞ്ഞ് കോപ്പ അമേരിക്കയ്ക്കുശേഷം ഒരു ബ്രേക്ക് എടുക്കേണ്ടത് അത്യാവശ്യമാണ്-മാര്‍ട്ടിനോ പറഞ്ഞു. ആസ്ത് 5 മുതല്‍ 21 വരെയാണ് ബ്രസീലിലെ റിയോ ഡി ജനീറോ ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്.

എന്നാല്‍, ഒളിംപിക്‌സില്‍ കളിക്കുന്നത് സംബന്ധിച്ച് താന്‍ മെസ്സിയുടെ അഭിപ്രായം തേടിയിട്ടില്ലെന്ന് മാര്‍ട്ടിനോ പറഞ്ഞു. കഴിഞ്ഞ വര്‍ഷം കാലിനേറ്റ പരിക്ക് കണക്കിലെടുക്കുമ്പോള്‍ മെസ്സിക്ക് ഒളിംപിക്‌സില്‍ കളിക്കാന്‍ താത്പര്യമുണ്ടാകില്ലെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും മാര്‍ട്ടിനോ പറഞ്ഞു.

മെസ്സിയുടെ കളി മികവിലാണ് അര്‍ജന്റീന 2008ല്‍ ഒളിംപിക്‌സ് സ്വര്‍ണം നേടിയത്. അര്‍ജന്റീനയ്ക്കുവേണ്ടി മെസ്സി നേടിയ അവസാനത്തെ കിരീടവും ഇതു തന്നെ. കഴിഞ്ഞ തവണ ലണ്ടന്‍ ഒളിംപിക്‌സിന് ചാമ്പ്യന്മാര്‍ക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

22 വയസ്സിന് മുകളില്‍ പ്രായമുള്ള മൂന്ന് കളിക്കാരെ ഒളിംപിക്‌സില്‍ കളിപ്പിക്കാം എന്നതിനാല്‍ 28കാരനായ മെസ്സിക്ക് വേണമെങ്കില്‍ ഒളിംപിക്‌സില്‍ കളിക്കാം. മെസ്സിയെ ഒഴിവാക്കുകയാണെങ്കില്‍ മറ്റേതെങ്കിലും മൂന്ന് മുതിര്‍ന്ന കളിക്കാരെ കളിപ്പിച്ചുകൂടായ്കയില്ല. എന്നാല്‍, 2016-17 വര്‍ഷത്തെ യൂറോപ്പ്യന്‍ ക്ലബ് സീസണ്‍ ആരംഭിക്കുന്നതിനാല്‍ എത്രപേര്‍ക്ക് ഒളിംപിക്‌സില്‍ നീലക്കുപ്പായം അണിയാന്‍ താത്പര്യമുണ്ടാകുമെന്ന് കാര്യം കണ്ടറിയണം.