ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ മുന്നേറ്റ താരം ഡാനിയേല്‍ ജെയിംസിനെ സ്വന്തമാക്കി ലീഡ്‌സ് യുണൈറ്റഡ്. അഞ്ചുവര്‍ഷത്തെ കരാറിനാണ് വെയ്ല്‍സ് യുവതാരത്തെ ലീഡ്‌സ് സ്വന്തമാക്കിയത്. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജേഡന്‍ സാഞ്ചോയും ടീമിലെത്തിയതോടെ ജെയിംസിന് യുണൈറ്റഡില്‍ സാധ്യത കുറഞ്ഞിരുന്നു. ഒലെ ഗുണ്ണാര്‍ സോള്‍ഷ്യര്‍ മാനേജറായ ശേഷമാണ് ജെയിംസ് യുണൈറ്റഡിലെത്തുന്നത്. 2019-ല്‍ സ്വാന്‍സിയില്‍ നിന്നാണ് ജെയിംസ് യുണൈറ്റഡിലെത്തിയത്. 

യുണൈറ്റഡിനായി 50 മത്സരങ്ങള്‍ കളിച്ച താരം ആറുഗോളുകള്‍ നേടി. യുണൈറ്റഡിനായി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടിക്കൊണ്ട് ജെയിംസ് വരവറിയിച്ചെങ്കിലും പിന്നീട് വേണ്ടത്ര മികവ് പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. വേഗമേറിയ നീക്കങ്ങളാണ് താരത്തിന്റെ കരുത്ത്. 

Content Highlights: Leeds United sign winger Daniel James from Manchester United on permanent deal