റോം: സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ് യുവെന്റസില്‍ ചേര്‍ന്ന പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുന്നറിയിപ്പുമായി മുന്‍ റയല്‍ താരം രംഗത്ത്. 

റയലിന്റെ മുന്‍ ഡിഫന്‍ഡറായിരുന്ന ക്രിസ്റ്റ്യന്‍ പനൂച്ചിയാണ് റൊണാള്‍ഡോക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. യുവെന്റസില്‍ ചേരാനായി റയല്‍ വിട്ട തീരുമാനത്തില്‍ റൊണാള്‍ഡോക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

തന്റെ അനുഭവം മുന്‍നിര്‍ത്തിയാണ് പനൂച്ചി ഇക്കാര്യം പറഞ്ഞത്. റയലിലുണ്ടായിരുന്ന മൂന്നു വര്‍ഷത്തിനിടെ അവര്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ്, ലാ ലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ്, ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് കിരീടങ്ങള്‍ നേടിയ താരമായിരുന്നു ക്രിസ്റ്റ്യന്‍ പനൂച്ചി. 

എന്നാല്‍ പിന്നീട് അദ്ദേഹം ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാനിലേക്ക് മാറുകയായിരുന്നു. എന്നാല്‍ അവിടെ ഫോം തുടരാനാകാതിരുന്നതും കോച്ച് മാര്‍സെലോ ലിപ്പിയുമായുള്ള പ്രശ്‌നങ്ങളും അദ്ദേഹത്തിന് തിരിച്ചടിയായി. 

റയല്‍ വിടാന്‍ തീരുമാനിച്ചത് തന്റെ കായിക ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. താനിപ്പോള്‍ അതില്‍ പശ്ചാത്തപിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ പനൂച്ചി ഒരു സ്പാനിഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

എന്നാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ആശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല. യുവെയില്‍ മികച്ച പ്രകടനം നടത്താന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കും. കാരണം അദ്ദേഹം അത്രയും മികച്ച കളിക്കാരനാണ്. മികച്ച പ്രകടനം നടത്തുകയെന്നത് റൊണാള്‍ഡോയുടെ സ്വതസിദ്ധമായ ശൈലിയാണ്‌. പനൂച്ചി കൂട്ടിച്ചേര്‍ത്തു. 

ഇറ്റാലിയന്‍ ലീഗിലേക്കുള്ള റൊണാള്‍ഡോയുടെ വരവ് മറ്റു പ്രശസ്ത താരങ്ങള്‍ക്കും ഇറ്റലിയിലേക്കു വരാന്‍ പ്രചോദനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പരിശീലകന്‍ സിനദിന്‍ സിദാനും റൊണാള്‍ഡോയും ക്ലബ് വിട്ടത് റയലിന് ക്ഷീണമാകുമെന്നും റയലിന് ഈ സീസണ്‍ ദുര്‍ഘടമായിരിക്കുമെന്നും പനൂച്ചി വ്യക്തമാക്കി .

Content Highlights: leaving real madrid biggest regret christian panucci warns ronaldo