കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോള്‍ സീസണിലെ ആദ്യ കൊല്‍ക്കത്ത നാട്ടങ്കത്തില്‍ മലയാളി താരം ജോബി ജസ്റ്റിന്റെ മികവില്‍ ഈസ്റ്റ് ബംഗാളിന് വിജയം. ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ മോഹന്‍ ബഗാനെ 3-2 ന് ഈസ്റ്റ് ബംഗാള്‍ തോല്‍പ്പിച്ചു. ലാല്‍ഡന്‍മാവിയ റാള്‍ട്ടെയുടെ ഇരട്ടഗോളുകളാണ് ഈസ്റ്റ് ബംഗാളിന് തുണയായത്. ഒരു ഗോള്‍ ജോബി ജസ്റ്റിന്റെ വകയായിരുന്നു. ബഗാനായി അസറുദ്ദീന്‍ മാലിക്, ദീപാന്‍ഡ ഡിക്ക എന്നിവര്‍ സ്‌കോര്‍ ചെയ്തു.
ഒരു ഗോളിന് പിറകിലായിരുന്ന ഈസ്റ്റ് ബംഗാളിന് വേണ്ടി മികച്ച പ്രകടനമാണ് ജോബി പുറത്തെടുത്തത്. 17-ാം മിനിറ്റില്‍ മോഹന്‍ ബഗാന്‍ പ്രതിരോധത്തെ കീറിമുറിച്ച് ജോബി നല്‍കിയ പാസ്സ് റാള്‍ട്ടെയ്ക്ക് വലയിലെത്തിക്കേണ്ട ജോലിയേ ഉണ്ടായിരുന്നുള്ളു. ഇതോടെ മത്സരം 1-1 എന്ന നിലയിലായി. 44-ാം മിനിറ്റില്‍ ജോബിയുടെ ബൈസിക്കിള്‍ കിക്ക് വന്നു. ഇതോടെ 2-1ന് ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തു. ഇതോടെ ഐ-ലീഗിലെ ഈ സീസണില്‍ ടോപ്പ് സ്‌കോററായ ഇന്ത്യന്‍ താരമാണ് ജോബിയിപ്പോള്‍.
രണ്ടാം പകുതിയില്‍ മോഹന്‍ ബഗാന്‍ ക്യാപ്റ്റന്‍ കിംഗ്സ്ലിക്ക് ചുവപ്പ് കിട്ടിയതും ജോബിയെ ഫൗള്‍ ചെയ്തതിനായിരുന്നു. ജോബിയുടെ സ്‌കില്‍ തടയാന്‍ കിംഗ്സ്ലിക്ക് വേറെ രക്ഷ ഉണ്ടായിരുന്നില്ല. ആ ഫൗളിന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് റാള്‍ട്ടെ ഈസ്റ്റ് ബംഗാളിന്റെ മൂന്നാം ഗോളും നേടി.
മറ്റൊരു മത്സരത്തില്‍ മിനര്‍വ പഞ്ചാബും ചെന്നൈ സിറ്റിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ലീഗില്‍ എട്ട് കളിയില്‍നിന്ന് 18 പോയന്റുമായി ചെന്നൈ ഒന്നാം സ്ഥാനത്ത് തുടരുന്നു. 12 പോയന്റ് വീതമുള്ള ഈസ്റ്റ് ബംഗാളും മിനര്‍വയും അഞ്ചും ആറും സ്ഥാനങ്ങളിലാണ്. ഒമ്പത് പോയന്റുള്ള ബാഗന്‍ എട്ടാം സ്ഥാനത്താണ്.
Content Highlights: Landanmawia Ralte scores twice as East Bengal edge past Mohun Bagan