മാഡ്രിഡ്: ലാ ലീഗയില്‍ ഇന്ന്  നിര്‍ണായക മത്സരങ്ങള്‍. കിരീടപ്പോരാട്ടത്തില്‍ മുന്‍പന്തിയിലുള്ള ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്. അത്‌ലറ്റികോ മാഡ്രിഡ് ടീമുകള്‍ ഇന്ന് കളത്തിലിറങ്ങും. തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന ബാഴ്‌സലോണയുടെ എതിരാളികള്‍ ഡീപോര്‍ട്ടീവൊയാണ്.

ഡീപോര്‍ട്ടീവോയ്‌ക്കെതിരെ ബാഴ്‌സലോണ തോറ്റാല്‍ അത്‌ലറ്റിക്കോ പോയിന്റ് നിലയില്‍ ഒന്നാമതെത്തും. ഒരു പോയിന്റ് മാത്രം പിന്നിലുള്ള റയല്‍ മാഡ്രിഡും ഇരുടീമുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തും. അത്‌ലറ്റിക്കോ മാഡ്രിഡ് അഞ്ചാമതുള്ള അത്‌ലറ്റിക്ക് ക്ലബ്ബുമായി ഏറ്റുമുട്ടുമ്പോള്‍ റയലിന്റെ എതിരാളികള്‍ നാലാം സ്ഥാനത്തുള്ള വിയ്യാറയലാണ്. റയലിന് സ്വന്തം മൈതാനത്ത് കളിക്കുന്നുവെന്ന ആനുകൂല്യം ലഭിക്കും. അതേസമയം ബാഴ്‌സയും അത്‌ലറ്റിക്കോയും എവേ ഗ്രൗണ്ടിലാണ് കളിക്കാനിറങ്ങുക.

2003ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനമാണ് നിലവില്‍ ബാഴ്‌സ പുറത്തെടുക്കുന്നത്. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ബാഴ്‌സയുടെ സമ്പാദ്യം. എയ്ബറിനെതിരെ 4-0ത്തിനും ഗെറ്റാഫെയ്‌ക്കെതിരെ 6-0ത്തിനും ജയിച്ച ശേഷമാണ് ബാഴ്‌സ തോല്‍വി തുടര്‍ക്കഥയാക്കിയത്. ബാഴ്‌സയുടെ മോശം ഫോം മുതലാക്കിയ അത്‌ലറ്റിക്കോ ഒമ്പത് പോയിന്റ് വ്യത്യാസം മറികടന്നാണ് ലീഗില്‍ ബാഴ്‌സയ്‌ക്കൊപ്പമെത്തിയത്.

ലീഗില്‍ 14ാം സ്ഥാനത്തുള്ള ഡീപോര്‍ട്ടീവോയ്‌ക്കെതിരെ രാത്രി 11.30നാണ് ബാഴ്‌സയുടെ മത്സരം. അത്‌ലറ്റികോ പുലര്‍ച്ചെ 12.15നും റയല്‍ 1.30നും കളത്തിലിറങ്ങും.