ഗിജോണ്‍: സ്പാനിഷ് ലാലിഗയില്‍ മാഡ്രിഡ് ടീമുകള്‍ക്ക് ജയം. റയല്‍ മാഡ്രിഡ്  എസ്പാന്യോളിനെ തോല്‍പ്പിച്ചപ്പോള്‍ (2-0) അത്‌ലറ്റിക്കോ സ്പോര്‍ട്ടിങ് ഗിജോണിനെയാണ് തകര്‍ത്തുവിട്ടത് (4-1). അല്‍വാരോ മൊറാട്ടോ (33) ഗാരത് ബെയ്ല്‍ (83) എന്നിവര്‍ റയലിനായി ഗോള്‍ നേടി. പരിക്ക് മൂലം 88 ദിവസം കളിക്കളത്തിന് പുറത്തിരുന്നശേഷം തിരിച്ചെത്തിയ ആദ്യ മത്സരത്തിലാണ് ബെയ്ല്‍ ഗോള്‍ നേടിയത്. 

ഇരുപത്തിയൊന്ന് കളികളില്‍ നിന്ന് 52 പോയിന്റോടെയാണ് റയല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയ്ക്ക് 23 കളികളില്‍ നിന്ന് 49 പോയിന്റാണുള്ളത്.

കെവിന്‍ ഗമെയ്റോയുടെ ഹാട്രിക്കാണ് അത്ലറ്റിക്കോയുടെ ജയം അനായാസമാക്കിയത്. യാനിക് കറാസ്‌കോയും ടീമിനായി സ്‌കോര്‍ ചെയ്തു. ഗിജോണിനായി സെര്‍ജിയോ അല്‍വാരസാണ് സ്‌കോര്‍ ചെയ്തത്. ജയത്തോടെ ലീഗിലെ നാലാം സ്ഥാനം ടീം നിലനിര്‍ത്തി.

അഞ്ചുമിനിറ്റിനുള്ളിലാണ് ഗമെയ്റോയുടെ ഹാട്രിക് വന്നത്. 80, 81, 85 മിനിറ്റുകളിലാണ് ഫ്രഞ്ച് താരം ഗോള്‍ നേടിയത്. അതുവരെ ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. ഗോളൊഴിഞ്ഞ ആദ്യപകുതിക്കുശേഷമാണ് ഗോള്‍മഴ തുടങ്ങിയത്. 46-ാം മിനിറ്റില്‍ ടോറസിന്റെ ശ്രമം പരാജപ്പെട്ടിടത്തു നിന്നാണ് ബെല്‍ജിയന്‍ താരം പന്ത് എതിര്‍വലയിലെത്തിച്ചത്. 

എന്നാല്‍, മൂന്ന് മിനിറ്റിനകം ഗിജോണ്‍ സമനില നേടി. യോര്‍ഗെ ഫ്രാങ്കോ അല്‍വിസില്‍ നിന്ന് ലഭിച്ച പാസില്‍ നിന്നാണ് അല്‍വാരസ് ഗോള്‍ നേടിയത്. 80-ാം മിനിറ്റില്‍ ഗമെയ്റോ ഗോള്‍വേട്ട തുടങ്ങി. ഗ്രീസ്മാന്‍ നല്‍കിയ പാസില്‍ ഫസ്റ്റ് ടച്ച് ഷോട്ടോടെ ഗമെയ്റോ ടീമിന് ലീഡ് നല്‍കി. തൊട്ടടുത്ത മിനിറ്റിലും ഗമെയ്റോ സ്‌കോര്‍ ചെയ്തു. തോമസ് പാര്‍ട്ടി നല്‍കി പാസില്‍ ബോക്സിന്റെ ഇടതുമൂലയില്‍ നിന്നാണ് ഫ്രഞ്ച് സ്ട്രൈക്കര്‍ ഇത്തവണ ലക്ഷ്യംകണ്ടത്. 85-ാം മിനിറ്റില്‍ ഗമെയ്റോ ഹാട്രിക് തികച്ചു. ഗ്രീസ്മാന്‍ നല്‍കിയ പാസില്‍ രണ്ടാംഗോളിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ താരം തന്റെ മൂന്നാംഗോളും ടീമിന്റെ നാലാം ഗോളും നേടി.