വിമര്‍ശന പോസ്റ്റ്; വിനീഷ്യസ് ജൂനിയറിനോട് മാപ്പ് പറഞ്ഞ് ലാ ലിഗ പ്രസിഡന്റ് ടെബാസ്


2 min read
Read later
Print
Share

ലാ ലിഗ പ്രസിഡന്റ് ജാവിയർ ടെബാസ്, വിനീഷ്യസ് ജൂനിയർ | Photo: AFP

മാഡ്രിഡ്: സ്പാനിഷ് ലീഗിലെ വംശീയാധിക്ഷേപ വിഷയത്തില്‍ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരായ പോസ്റ്റിന്റെ പേരില്‍ താരത്തോട് മാപ്പ് പറഞ്ഞ് ലാ ലിഗ പ്രസിഡന്റ് ജാവിയര്‍ ടെബാസ്.

ട്വിറ്ററിലെ തന്റെ അഭിപ്രായ പ്രകടനം ശരിയായില്ലെന്ന് സമ്മതിച്ച ടെബാസ് അതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. വിനീഷ്യസിനെ ആക്രമിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശമെന്ന് പറഞ്ഞ ടെബാസ് ആ നിമിഷത്തില്‍ പെട്ടെന്നുണ്ടായ തോന്നലാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്നും വ്യക്തമാക്കി. ''വിനീഷ്യസിനോടും ഞാന്‍ വിനീഷ്യസിനെ ആക്രമിക്കുകയാണെന്ന് തോന്നിയ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.'' - ടെബാസ് റോയിറ്റേഴ്‌സിനോട് പറഞ്ഞു.

ഈ സീസണില്‍ വിനീഷ്യസിനെതിരേ നടന്ന 10 വംശീയാധിക്ഷേപ സംഭവങ്ങള്‍ ലാ ലിഗ പ്രോസിക്യൂട്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ടെബാസ് വെളിപ്പെടുത്തി. മേയ് 21-ന് വലന്‍സിയയും റയല്‍ മാഡ്രിഡും തമ്മില്‍ വലന്‍സിയയുടെ മെസ്റ്റാല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെയാണ് വിനീഷ്യസ് ജൂനിയറിന് നേരേ കാണികളില്‍ നിന്ന് വംശീയാധിക്ഷേപമുണ്ടായത്. അധിക്ഷേപം അസഹനീയമായതോടെ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ വിനീഷ്യസ് റഫറിയോട് പരാതിപ്പെട്ടു. ഗാലറിയില്‍ തന്നെ അധിക്ഷേപിച്ചയാളെ വിനീഷ്യസ് ചൂണ്ടിക്കാണിച്ചതോടെ ആ ഭാഗത്തിരുന്ന കാണികള്‍ ഒന്നാകെ വിനീഷ്യസിന് നേരേ തിരിഞ്ഞു. ഇതേത്തുടര്‍ന്ന് മത്സരം 10 മിനിറ്റോളം തടസപ്പെട്ടു. ആരാധകര്‍ കളിക്കാരെ അപമാനിക്കരുതെന്നും മൈതാനത്തേക്ക് വസ്തുക്കളൊന്നും വലിച്ചെറിയരുതെന്നും സ്റ്റേഡിയത്തില്‍ വിളിച്ചുപറഞ്ഞ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.

തനിക്ക് നേരിട്ട വംശീയാധിക്ഷേപത്തില്‍ സോഷ്യല്‍ മീഡിയയില്‍ ലാ ലിഗയെ വിമര്‍ശിച്ച് വിനീഷ്യസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വിനീഷ്യസിനെതിരേ ജാവിയര്‍ ടെബാസ് പോസ്റ്റിട്ടു. ലാ ലിഗയിലെ വംശീയാധിക്ഷേപ സംഭവങ്ങളെ കുറിച്ച് പറയാനും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ലാ ലിഗയ്ക്ക് എന്ത് ചെയ്യാനാകുമെന്ന് വിശദീകരിക്കാനും രണ്ട് തവണ യോഗം വിളിച്ചിരുന്നെങ്കിലും രണ്ടിലും വിനീഷ്യസ് വന്നില്ലെന്നും ലാ ലിഗയെ വിമര്‍ശിക്കുന്നതിനും അപമാനിക്കുന്നതിനും മുമ്പ് നിങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കണമെന്നുമായിരുന്നു ടെബാസിന്റെ വാക്കുകള്‍. കാര്യങ്ങള്‍ മനസ്സിലാക്കാതെ വിനീഷ്യസ് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്നും ടെബാസ് ട്വീറ്റ് ചെയ്തിരുന്നു.

ഇതോടെ ടെബാസിനെതിരേ രൂക്ഷ വിമര്‍ശനവുമായി വിനീഷ്യസും രംഗത്തെത്തി. ഇക്കാര്യത്തില്‍ വംശവെറിയന്‍മാരെ വിമര്‍ശിക്കുന്നതിന് പകരം തന്നെ ആക്രമിക്കാനാണ് ലാ ലിഗ പ്രസിഡന്റ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുള്ളതെന്ന് വിനീഷ്യസ് തുറന്നടിച്ചു. കാര്യങ്ങളില്‍ നിന്നു മാറി നിന്നാല്‍ നിങ്ങള്‍ വംശവെറിക്കാരുടെ അതേ നിലവാരത്തിലാകുകയാണെന്നും താരം പറഞ്ഞു.

അതേസമയം വിനീഷ്യസിനെ അധിക്ഷേപിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ സ്പാനിഷ് പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 18-നും 21 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് മൂന്ന് പേരും. ഇക്കഴിഞ്ഞ ജനുവരിയില്‍ റയല്‍ മാഡ്രിഡിന്റെ പരിശീലന മൈതാനത്തിന് അടുത്തുള്ള പാലത്തില്‍ വിനീഷ്യസിന്റെ റയല്‍ മാഡ്രിഡ് ജേഴ്സി ധരിപ്പിച്ച ഡമ്മിയെ തൂക്കിലേറ്റിയ തരത്തില്‍ കണ്ടെത്തിയ സംഭവത്തിലും പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ വലന്‍സിയക്കെതിരേ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ (ആര്‍എഫ്ഇഎഫ്) നടപടിയും കൈക്കൊണ്ടു. അടുത്ത അഞ്ച് ത്സരങ്ങളില്‍ മെസ്റ്റാല്ല സ്റ്റേഡിയത്തിലെ സൗത്ത് സ്റ്റാന്‍ഡിലേക്ക് ക്ലബ്ബിന് കാണികളെ പ്രവേശിപ്പിക്കാനാകില്ല. ഇതോടൊപ്പം ക്ലബ്ബിന് 45000 യൂറോ (ഏകദേശം 40 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും ഫെഡറേഷന്‍ വിധിച്ചു.

Content Highlights: LaLiga president Javier Tebas apologises to vinicius junior

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ronaldo

1 min

റൊണാള്‍ഡോ ഗോളടിച്ചു, സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിന് വിജയം

Apr 29, 2023


Leicester City

2 min

ഏഴ് വര്‍ഷം മുന്‍പ് ചാമ്പ്യന്മാര്‍, ഇന്ന് ലീഗില്‍ നിന്ന് പുറത്ത്, ആരാധകരെ നിരാശപ്പെടുത്തി ലെസ്റ്റര്‍

May 29, 2023


photo:AFP

1 min

ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി സന്ദര്‍ശനം: ഖേദം പ്രകടിപ്പിച്ച് മെസ്സി

May 5, 2023

Most Commented