കൊച്ചി: റിലയന്‍സ് ഫൗണ്ടേഷന്റെ എലീറ്റ് റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിയായ റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സിന് സൗഹൃദമത്സരങ്ങള്‍ക്കായി ലാലിഗയിലേയ്ക്ക് ക്ഷണം ലഭിച്ചു.
 
പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി സ്‌പെയിനിലേയ്ക്കു  പോകുന്ന റിലയന്‍സ് ഫൗണ്ടേഷന്റെ 30 കളിക്കാര്‍ റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ്, വലന്‍സിയ, വിയ്യാറയല്‍, ലെഗാനസ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളുമായാണ് ഏറ്റുമുട്ടുന്നത്.  

ഹെഡ് കോച്ച് മാര്‍ക്ക് വെസ്സെന്റെ നേതൃത്വത്തില്‍ അണ്ടര്‍ 12, അണ്ടര്‍ 14 ടീമുകളിലായി 30 കളിക്കാരാണ് സ്‌പെയിനിലേയ്ക്കു പോകുന്നത്. നവി മുംബൈയിലെ അക്കാദമിയില്‍   42 കുട്ടികളാണ് പരിശീലനം നടത്തുന്നത്. 

പത്തു ദിവസത്തെ യാത്രയ്ക്കിടെ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളുടെ ലാലിഗ മത്സരങ്ങള്‍ തത്സമയം കാണാൻ  ടീ അംഗങ്ങൾക്ക് അവസരം ലഭിക്കും.
 
രണ്ടു വര്‍ഷത്തിനിടെ അത് രണ്ടാമത്തെ  പരിശീലന ടൂറാണ് റിലയന്‍സ് ടീമിനു ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രീമിയര്‍ ലീഗിന്റെ ക്ഷണം ലഭിച്ച റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, വെസ്റ്റ് ബ്രോംവിച്ച് അക്കാദമി കളിക്കാരുമായി സൗഹൃദമത്സരങ്ങള്‍ കളിച്ചിരുന്നു.