മഡ്രിഡ്: ലാ ലിഗയില്‍ കരുത്തരായ റയല്‍ മഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. ലാ ലിഗയിലെ മൂന്നാം മത്സരത്തില്‍ റയല്‍ ബെറ്റിസിനെയാണ് റയല്‍ മഡ്രിഡ് കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ വിജയം.

61-ാം മിനിറ്റിൽ ഡാനി കാര്‍വാലാണ് ടീമിനായി വിജയഗോള്‍ നേടിയത്. മികച്ച സൈഡ് വോളിയിലൂടെയാണ് കാര്‍വാല്‍ ഗോള്‍ നേടിയത്. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ റയല്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയങ്ങളും ഒരു സമനിലയുമാണ് റയല്‍ സ്വന്തമാക്കിയത്. 

ആദ്യ മത്സരത്തില്‍ അലാവെസിനെ കീഴടക്കിയെങ്കിലും രണ്ടാം മത്സരത്തില്‍ ലെവാന്റെയോട് ടീം സമനില വഴങ്ങിയിരുന്നു. വിനീഷ്യസ് ജൂനിയര്‍, കരിം ബെന്‍സേമ, ഗരെത് ബെയ്ൽ എന്നിവരായിരുന്നു ആക്രമണനിര നയിച്ചത്. 

മറ്റ് മത്സരങ്ങളില്‍ മയ്യോര്‍ക്ക് എതിരില്ലാത്ത ഒരു ഗോളിന് എസ്പാന്യോളിനെയും വലെന്‍സിയ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് അലാവെസിനെയും അത്‌ലറ്റിക്ക് ബില്‍ബാവോ എതിരില്ലാത്ത ഒരു ഗോളിന് സെല്‍റ്റ വിഗോയെയും റയല്‍ സോസിഡാഡ് എതിരില്ലാത്ത ഒരു ഗോളിന് ലെവാന്റെയെയും കീഴടക്കി. 

എന്നാല്‍ കരുത്തരായ സെവിയ്യയെ എല്‍ച്ചെ സമനിലയില്‍ തളച്ചു. ഇരുടീമുകളും ഓരോഗോള്‍ വീതം നേടി.

Content Highlights: La Liga round three match results 2021-22