മാഡ്രിഡ്: മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലാ ലിഗ മത്സരങ്ങള്‍ പുനഃരാരംഭിക്കുന്നു. വ്യാഴാഴ്ച രാത്രി 1.30-ന് സെവിയ്യ, റയല്‍ ബെറ്റിസിനെ നേരിടുന്നതോടെ സീസണ്‍ പുനഃരാരംഭിക്കും. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മത്സരം നടത്തുന്നത്. സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനമില്ല. ഇരുടീമുകളും പരിശീലകസംഘവും നടത്തിപ്പുകാരുമടക്കം 270 പേര്‍ക്ക് മാത്രമാണ് ആകെ പ്രവേശനമുള്ളത്.
സ്‌റ്റേഡിയത്തില്‍ കാണികളില്ലെങ്കിലും സെവിയ്യ - ബെറ്റിസ് ഡര്‍ബിയുടെ ആവേശത്തിന് കുറവൊന്നും ഉണ്ടാകില്ല. കോവിഡ്-19 രോഗ വ്യാപനത്തിനുശേഷം യൂറോപ്പില്‍ ആരംഭിക്കുന്ന രണ്ടാമത്തെ പ്രമുഖ ഫുട്ബോള്‍ ലീഗാണിത്. 27 കളിയില്‍നിന്ന് 47 പോയന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് സെവിയ്യ. 33 പോയന്റുള്ള റയല്‍ ബെറ്റിസ് 12-ാം സ്ഥാനത്തും.
കളി ലാ ലിഗയുടെ ഔദ്യാഗിക ഫേസ്ബുക്ക് പേജ് വഴി കാണാം. ജൂണ്‍ 13-നാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ കളത്തിലിറങ്ങുന്നത്. മയ്യോര്‍ക്കയാണ് ബാഴ്‌സയുടെ എതിരാളികള്‍. റയലിന് ഐബറും.
Content Highlights: La Liga returns Without Fanfare Set to Restart With Seville Derby