മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ സോസീഡാഡിനെതിരായ ജയത്തോടെ ബാഴ്‌സലോണയെ പിന്തള്ളി റയല്‍ മാഡ്രിഡ് ഒന്നാമതെത്തി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ എവേ മത്സരത്തില്‍ സോസീഡാഡിനെ മറികടന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ സെവിയ്യ, ബാഴ്‌സലോണയെ സമനിലയില്‍ തളച്ചതോടെയാണ് റയലിന് ഒന്നാം സ്ഥാനത്തേക്കുള്ള വഴിതെളിഞ്ഞത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷമാണ് മൂന്നു ഗോളുകളും പിറന്നത്. 50-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസാണ് റയലിനെ മുന്നിലെത്തിച്ചത്. ഇതോടെ ലാ ലിഗയുടെ ചരിത്രത്തില്‍ ഏറ്റവും അധികം ഗോളുകള്‍ നേടിയ ഡിഫന്‍ഡറെന്ന റെക്കോഡും റാമോസ് സ്വന്തമാക്കി. താരത്തിന്റെ 68-ാം ഗോളായിരുന്നു കഴിഞ്ഞ ദിവസത്തേത്. മുന്‍ ബാഴ്‌സലോണ താരം റൊണാള്‍ഡ് കോമാന്റെ 67 ഗോളുകളെന്ന റെക്കോഡാണ് റാമോസ് മറികടന്നത്.

70-ാം മിനിറ്റില്‍ കരീം ബെന്‍സേമ റയലിന്റെ രണ്ടാം ഗോളും നേടി. 83-ാം മിനിറ്റില്‍ മൈക്കല്‍ മെറിനോയാണ് സോസീഡാഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. 30 മത്സരങ്ങളില്‍ നിന്ന് റയലിനും ബാഴ്‌സയ്ക്കും 65 പോയന്റ് വീതമാണുള്ളത്. എന്നാല്‍ ലീഗില്‍ മുഖാമുഖം വന്നപ്പോഴുള്ള ഗോള്‍ ശരാശരി വെച്ച് റയല്‍ ഒന്നാമതെത്തുകയായിരുന്നു. കോവിഡ് പ്രതിസന്ധിക്കു പിന്നാലെ പുനഃരാരംഭിച്ച ലീഗില്‍ റയലിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

Content Highlights: la liga Real Madrid beat Sociedad 2-1 to return to top of the league