മാഡ്രിഡ്: ലാ ലിഗയില്‍ കിരീടപോരാട്ടം അവസാന മത്സരം വരെ നീളും. ഒസാസുനയെ അത്‌ലറ്റിക്കോ മാഡ്രിഡും അത്‌ലറ്റിക്കോ ബില്‍ബാവോയെ റയല്‍ മാഡ്രിഡും തോല്‍പ്പിച്ചതോടെയാണ് കിരീടപ്പോരാട്ടം കടുത്തത്. അതേസമയം സെല്‍റ്റാ വിഗോയോട് തോറ്റ ബാഴ്‌സലോണയുടെ കിരീടപോരാട്ടം അവസാനിച്ചു.

മെട്രോപൊളിറ്റന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു. പ്രതിരോധത്തില്‍ മികച്ചുനിന്ന ഒസാസുന അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഓരോ അവസരങ്ങളും തടഞ്ഞു. 75-ാം മിനിറ്റില്‍ ബുദിമറിന്റെ ഹെഡ്ഡറില്‍ ഒസാസുന ലീഡെടുത്തു. എന്നാല്‍ 82-ാം മിനിറ്റില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് സമനില പിടിച്ചു. 

ജാവൊ ഫെലിക്‌സിന്റെ മനോഹരമായ പാസ് സ്വീകരിച്ച് റെനാന്‍ ലോദി അത്‌ലറ്റിക്കോ മാഡ്രിഡിന് സമനില നല്‍കി. പിന്നീട് തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിട്ട അത്‌ലറ്റിക്കോ 88-ാം മിനിറ്റില്‍ വിജയഗോള്‍ കണ്ടെത്തി. സുവാരസായിരുന്നു ഗോള്‍ സ്‌കോറര്‍.

അതേസമയം ബില്‍ബാവോയില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിന്റെ വിജയം ഒരൊറ്റ ഗോളിനായിരുന്നു. രണ്ടാം പകുതിയില്‍ പ്രതിരോധ താരം നാചോ ആണ് റയലിന്റെ ഗോള്‍ കണ്ടെത്തിയത്. ഇതോടെ റയല്‍ കിരീടപ്രതീക്ഷ നിലനിര്‍ത്തി.

ഒരു മത്സരം ശേഷിക്കേ റയല്‍ മാഡ്രിഡിന് 81 പോയിന്റാണുള്ളത്. അത്‌ലറ്റിക്കോ മാഡ്രിഡിന് 83 പോയിന്റും. അവസാന മത്സരം വിജയിച്ചാല്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് കിരീടം സ്വന്തമാക്കാം. അതേസമയം അത്‌ലറ്റിക്കോ വിജയിക്കാതിരിക്കുകയും റയല്‍ വിജയിക്കുകയും ചെയ്താല്‍ കിരീടം റയലിന് ലഭിക്കും. അവസാന മത്സരത്തില്‍ റയലിന് വിയ്യാറയലും അതല്റ്റിക്കോ മാഡ്രിഡിന് റയല്‍ വല്ലഡോയിഡുമാണ് എതിരാളികള്‍. 

അതേസമയം സെല്‍റ്റാ വിഗോയോട് 2-1ന് പരാജയപ്പെട്ട ബാഴ്‌സലോണയുടെ കിരീടപ്രതീക്ഷ അവസാനിച്ചു. ബാഴ്‌സലോണയ്ക്ക് 76 പോയിന്റാണുള്ളത്. അവസാന മത്സരത്തില്‍ വിജയിച്ചാലും കിരീടം നേടാനാകില്ല.

Content Highlights: La Liga Real Madrid Atletico Madrid Barcelona