സാന്റിയാഗോ ബെര്‍ണാബ്യൂ: ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് വിജയത്തുടക്കം. വെയ്ല്‍സ് താരം ഗരെത് ബെയ്‌ലിന്റെ ഇരട്ട ഗോള്‍ മികവില്‍ റയല്‍ സൊസൈദാദിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ പരാജയപ്പെടുത്തിയത്. അതേ സമയം ലീഗിലെ വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് സമനിലയോടെയാണ് പുതിയ സീസണ്‍ തുടങ്ങിയത്. ദുര്‍ബ്ബലരായ ഡീപോര്‍ട്ടീവൊ അലാവെസാണ് അത്‌ലറ്റിക്കോയെ സമനിലയില്‍ തളച്ചത്. സ്‌കോര്‍:1-1

സൂപ്പര്‍ താരം ക്രിസ്റ്റിയാനൊ റൊണാള്‍ഡോയില്ലാതെ കളിക്കാനിറങ്ങിയ റയലിനായി ബെയ്ല്‍ കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. പിന്നീട് 40ാം മിനിറ്റില്‍ സ്പാനിഷ് താരം മാര്‍ക്കൊ അസെന്‍സിയോ റയലിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ബെയ്‌ലിന്റെ ഹെഡ്ഡര്‍ ഗോള്‍

കളിയുടെ അധിക സമയത്തായിരുന്നു റയലിന്റെ മൂന്നാം ഗോള്‍ പിറന്നത്. മനോഹരമായ ഒരു ഹെഡ്ഡറിലൂടെ രണ്ടാം ഗോള്‍ നേടി ബെയ്ല്‍ പുതിയ സീസണിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി. 

Gareth bale
ഗോള്‍നേട്ടം ആഘോഷിക്കുന്ന ബെയ്ല്‍

 

തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് അവസാന നിമിഷം ലഭിച്ച പെനാല്‍റ്റിയിലാണ് ഡീപോര്‍ട്ടീവൊ അലാവെസിനെതിരെ സമനില പിടിച്ചത്. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മനു ഗാര്‍ഷ്യയുടെ ഗോളില്‍ മുന്നിലായിരുന്ന ഡീപോര്‍ട്ടീവൊ അലാവെസ് എക്‌സ്ട്രാ ടൈമില്‍ പെനാല്‍റ്റി വഴങ്ങുകയായിരുന്നു. 

Kévin Gameiro
അത്‌ലറ്റിക്കോയ്ക്കായി ഗോള്‍ നേടിയ കെവിന്‍ ഗമെയ്റോയുടെ ആഘോഷം

 

ഫെര്‍ണാണ്ടോ ടോറസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഫ്രഞ്ച് താരം കെവിന്‍ ഗമെയ്‌റോ ലക്ഷ്യത്തിലെത്തിച്ചു. അത്‌ലറ്റിക്കോയുടെ ജഴ്‌സിയില്‍ ഗമെയ്‌റോയുടെ ആദ്യ ഗോളായിരുന്നു അത്. മറ്റൊരു മത്സരത്തില്‍ സ്‌പോര്‍ട്ടിങ് ഗിയോണ്‍ അത്‌ലറ്റിക്കോ ബില്‍ബാവൊയെ 2-1ന് പരാജയപ്പെടുത്തി.